ബസില്‍ രഹസ്യമായി കടത്തിയ 67.5 ലക്ഷം പിടികൂടി! കൈക്കൂലി വാഗ്ദാനം 10 ലക്ഷം വരെ; എക്‌സൈസിനെ ഞെട്ടിച്ച് കാരിയര്‍

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിനിടെ, മഞ്ചേശ്വരം എക്‌സൈസ് ചെക്ക്പോസ്റ്റില്‍ വെച്ച് 67,50,000 രൂപയുടെ കുഴല്‍ പണം പിടികൂടി. പണം കൈമാറി വിടാനായി പ്രതി എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ കൈക്കൂലി വാഗ്ദാനം ചെയ്‌തെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല.

തലപ്പാടിയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച പണം പിടികൂടിയത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി തോട്ടത്തിന്റവിടെ സമീര്‍ (41) ആണ് അറസ്റ്റിലായത്. മംഗളൂരുവില്‍ നിന്നും തലപ്പാടിയിലെത്തിയ സമീര്‍, തുടര്‍ന്ന് കുമ്പളയിലേക്കുള്ള സ്വകാര്യ ബസില്‍ കയറുകയായിരുന്നു. ബസില്‍ ആകെ അഞ്ച് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഇയാള്‍ ഈ തന്ത്രം പ്രയോഗിച്ചത്.

എന്നാല്‍, കര്‍ണാടക ബസുകള്‍ കൂടുതല്‍ പരിശോധിക്കുന്ന എക്‌സൈസ് സംഘം ഈ സ്വകാര്യ ബസിലും പരിശോധന ആരംഭിച്ചു. സമീറിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ നോട്ടു കെട്ടുകള്‍ കണ്ടെത്തിയത്. പരിശോധനയില്‍ കുടുങ്ങിയതോടെ സമീര്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമം തുടങ്ങി. ബസില്‍ വെച്ച് തന്നെ 50,000 രൂപ കൈക്കൂലിയായി വാഗ്ദാനം ചെയ്തു. ബസില്‍ നിന്ന് പുറത്തിറക്കി ചോദ്യം ചെയ്തപ്പോള്‍ വാഗ്ദാനം ഒരു ലക്ഷമായി ഉയര്‍ന്നു.

എന്നാല്‍, അറസ്റ്റ് സംബന്ധിച്ച് സമീറിന്റെ ബന്ധുവിനെ വിളിച്ചറിയിച്ചതിന് പിന്നാലെ മറ്റൊരു നമ്പറില്‍ നിന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് 10 ലക്ഷം രൂപ കൈക്കൂലിയായി വാഗ്ദാനം ചെയ്തുകൊണ്ട് ഫോണ്‍ വിളിയെത്തി. ഈ വാഗ്ദാനങ്ങള്‍ എല്ലാം നിരസിച്ച എക്‌സൈസ് സംഘം പ്രതിയെയും പണവും തുടര്‍നടപടികള്‍ക്കായി മഞ്ചേശ്വരം പോലീസിന് കൈമാറി. കുഴല്‍ പണ വേട്ടയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ. ഷിജില്‍ കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ സി., അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) ജനാര്‍ദ്ദനന്‍ കെ.എ., പ്രിവെന്റീവ് ഓഫീസര്‍ (ഗ്രേഡ്) നൗഷാദ് കെ., സിവില്‍ എക്സൈസ് ഓഫീസര്‍ പ്രശാന്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *