നീലേശ്വരത്ത് വച്ചു നടന്ന സി.ബി. എസ്. ഇ കാസര്‍ഗോഡ് ജില്ലാ സഹോദയ അത്ലറ്റിക് മീറ്റില്‍ ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തകര്‍പ്പന്‍ വിജയം നേടി. സ്‌കൂളിന് സീനിയര്‍ സെക്കന്‍ഡറി തലത്തിലും സ്‌കൂള്‍തലത്തിലും ഒന്നാം സ്ഥാനവും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കാനായി.
17 സ്‌കൂളുകള്‍ പങ്കെടുത്ത മത്സരത്തില്‍ സ്‌കൂള്‍ തലത്തില്‍ എഴുപത്തി ഏഴും സീനിയര്‍ സെക്കന്‍ഡറി തലത്തില്‍ നൂറ്റി എണ്‍പത്തി ആറും പോയിന്റ് നേടിയാണ് ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സ്‌കൂള്‍ തലത്തില്‍ 74 പോയിന്റ് നേടി സദ്ഗുരു പബ്ലിക് സ്‌കൂളാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. സീനിയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജയ് മാതാ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ 79 പോയന്റോടെ രണ്ടാം സ്ഥാനം നേടി. അണ്ടര്‍ 14 കാറ്റഗറിയില്‍ അലന്‍ ജോയിസ്, അന്‍വിത സി എം എന്നിവരും അണ്ടര്‍ 19 കാറ്റഗറിയില്‍ അമല്‍ ബിനോയ്, തെരേസ് ആന്റണി എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായത് സ്‌കൂളിന്റെ വിജയത്തെ കൂടുതല്‍ മികവുറ്റതാക്കി.കാസര്‍ഗോഡ് ജില്ലാ സഹോദയ പ്രസിഡന്റ് ശ്രീ.ജസ്റ്റിന്‍ ആന്റണി വിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷം സെന്റ് മേരിസ് സ്‌കൂളിന് ഈ ഇരട്ട വിജയം ഒരു പൊന്‍തൂവല്‍ കൂടിയായി. മത്സര രംഗത്ത് വിദ്യാര്‍ത്ഥികള്‍ പ്രകടിപ്പിച്ച മികവിന് അധ്യാപകരും രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും അഭിനന്ദനം അറിയിച്ചു.