ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം. എട്ട് വിക്കറ്റിനായിരുന്നു കേരളം ഛത്തീസ്ഗഢിനെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢ് 19.5 ഓവറില്‍ 120 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 10.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ട്ടത്തില്‍ ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കെ എം ആസിഫാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഛത്തീസ്ഗഢിന് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഷറഫുദ്ദീന്റെ പന്തില്‍ വിഘ്‌നേഷ് പുത്തൂര്‍ ക്യാച്ചെടുത്ത് ഓപ്പണര്‍ ആയുഷ് പാണ്ഡെ മടങ്ങി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അമന്‍ദീപ് ഖാരെയും ശശാങ്ക് ചന്ദ്രാകറും ചേര്‍ന്ന് 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുടരെയുള്ള പന്തുകളില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കെ എം ആസിഫ് കളിയുടെ ഗതി കേരളത്തിന് അനുകൂലമാക്കി. ഏഴാം ഓവറിലെ രണ്ടാം പന്തില്‍ ശശാങ്ക് ചന്ദ്രാകറിനെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയ ആസിഫ്, അടുത്ത പന്തില്‍ ഐപിഎല്ലിലെ വെടിക്കെട്ട് താരം ശശാങ്ക് സിങ്ങിനെ എല്‍ബിഡബ്ല്യുവില്‍ കുടുക്കി.
നാലാം വിക്കറ്റില്‍ അമന്‍ദീപ് ഖാരെയും സഞ്ജീത് ദേശായിയും ചേര്‍ന്ന് 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 14-ആം ഓവറില്‍ ഇരുവരെയും അങ്കിത് ശര്‍മ്മ റിട്ടേണ്‍ ക്യാച്ചുകളിലൂടെ പുറത്താക്കിയതോടെ ഛത്തീസ്ഗഢ് ബാറ്റിങ് നിരയുടെ തകര്‍ച്ചയ്ക്ക് തുടക്കമായി. വെറും 22 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ ഛത്തീസ്ഗഢ് 19.5 ഓവറില്‍ 120 റണ്‍സിന് ഓള്‍ ഔട്ടായി. അമന്‍ദീപ് ഖാരെ 41ഉം സഞ്ജീത് ദേശായി 35ഉം റണ്‍സെടുത്തു. കേരളത്തിന് വേണ്ടി കെ എം ആസിഫ് മൂന്ന് വിക്കറ്റും അങ്കിത് ശര്‍മ്മയും വിഘ്‌നേഷ് പുത്തൂരും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ക്യാപ്റ്റന്‍ സഞ്ജു സാംസനും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് വെറും 26 പന്തുകളില്‍ 72 റണ്‍സാണ് അടിച്ചു കൂട്ടിയത്. 15 പന്തുകളില്‍ രണ്ട് ഫോറും അഞ്ച് സിക്‌സുമടക്കം 43 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. രോഹന്‍ 17 പന്തുകളില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമടക്കം 33 റണ്‍സെടുത്തു. തുടര്‍ന്നെത്തിയ സല്‍മാന്‍ നിസാറും വിഷ്ണു വിനോദും ചേര്‍ന്ന് 11-ആം ഓവറില്‍ തന്നെ കേരളത്തെ വിജയത്തിലെത്തിച്ചു. സല്‍മാന്‍ നിസാര്‍ 16ഉം വിഷ്ണു വിനോദ് 22ഉം റണ്‍സുമായി പുറത്താകാതെ നിന്നു.
ഛത്തീസ്ഗഢ് – 19.5 ഓവറില്‍ 120ന് ഓള്‍ ഔട്ട്
കേരളം – 10.4 ഓവറില്‍ രണ്ട് വിക്കറ്റിന് 121