തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025; സ്ഥാനാര്‍ഥികളുടെ വരവ് ചിലവുകള്‍ കണക്കുകള്‍ ക്ലാസ്സ് സംഘടിപ്പിച്ചു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025 ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ വരവ് ചിലവ് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ മാനദണ്ഡ പ്രകാരം സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പില്‍ ചെലവഴിക്കുന്ന തുകയുടെ കണക്ക് സൂക്ഷിക്കേണ്ട രീതി, തുകയുടെ പരിധി, പൊതു തിരഞ്ഞെടുപ്പ് സമയത്ത് നിയോഗിക്കപ്പെടുന്ന ചെലവ് നിരീക്ഷകരുടെ നടപടികളും നിരീക്ഷണവും, ഫല പ്രഖ്യാപനത്തിനുശേഷമുള്ള സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്ക് സമര്‍പ്പണം, അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥരുടെ നടപടികള്‍, ചെലവ് കണക്ക് സമര്‍പ്പിക്കുന്നതിലും മറ്റും വീഴ്ചവരുത്തിയവരുടെ അയോഗ്യത എന്നിവ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ക്കും ഏജന്റ്മാര്‍ക്കുമാണ് ക്ലാസ്സ് നടന്നത്.

സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുതിന്, തിരഞ്ഞെടുപ്പില്‍ ചെലവഴിക്കപ്പെടുന്ന പണത്തിന്റെ അമിത ചെലവാക്കല്‍ മൂലമുള്ള സ്വാധീനം ഒഴിവാക്കേണ്ടതുണ്ട്. ഈ ഉദ്ദേശ്യം മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് പരിധി നിശ്ചയിച്ചുകൊണ്ടുള്ള വ്യവസ്ഥകള്‍ തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ നിയമവ്യവസ്ഥകളുടെ സുഗമമായ നടത്തിപ്പിന്, സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ത്ഥികളോ അവരുടെ ഏജന്റുമാരോ, ഗുണകാംക്ഷികളോ, രാഷ്ട്രീയ പാര്‍ട്ടികളോ ചെലവഴിക്കുന്ന തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകള്‍ സംബന്ധിച്ച വ്യവസ്ഥകള്‍, 1995-ലെ കേരള പഞ്ചായത്ത് രാജ് (തിരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലെ 61-ാം ചട്ടവും 1995-ലെ കേരള മുനിസിപ്പാലിറ്റി (തിരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലെ 61-ാം ചട്ടവും അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പെടുത്തിയിട്ടുള്ളത്.

തദ്ദേശ തിരഞ്ഞെടുപ്പ് എക്സ്പെന്റിച്ചര്‍ ഒബ്സര്‍വര്‍ കെ വി മുകുന്ദന്‍ ക്ലാസ്സെടുത്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍,ഫിനാന്‍സ് ഓഫീസര്‍ മുഹമ്മദ് സമീര്‍, ഇലക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് എ രാജീവന്‍, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *