തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനായ 41 വയസ്സുകാരനായ പ്രതിക്ക് തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ള 78 വര്‍ഷം കഠിന തടവും 4.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പ്രതി നാലര വര്‍ഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.
പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും ലീഗല്‍ സര്‍വീസ് അതോറിറ്റി കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വിധിയില്‍ പറയുന്നുണ്ട്. 2023-ല്‍ കുട്ടി ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ പ്രതിയായ വൈശാഖുമായി പ്രണയത്തിലായ ശേഷമാണ് രണ്ടാമത് വിവാഹം കഴിച്ചത്. വിവാഹശേഷം കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പ്രതി പലതവണ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ഭയന്ന കുട്ടി സംഭവം പുറത്താരോടും പറഞ്ഞില്ല, പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു ദിവസം കുട്ടിയുടെ അനുജന്‍ വീട്ടിലെത്തിയപ്പോള്‍ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് അനുജന്‍ അമ്മയോട് കാര്യങ്ങള്‍ പറയുകയും, കുട്ടിയുടെ അമ്മ പ്രതിയോട് ചോദിച്ചപ്പോള്‍ പ്രതി അമ്മയെയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇതോടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി. ഫോര്‍ട്ട് സി.ഐ. ജെ രാകേഷ്, എസ്.ഐ.മാരായ അഭിജിത്ത് എം., ശ്രീജേഷ് എസ്.എസ്. എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ 17 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകളും 5 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.