2025-ലെ കെ.രാമചന്ദ്രന്‍ ഒറ്റക്കവിതാപുരസ്‌കാരം കിടങ്ങറ ശ്രീവത്സന്

മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഒറ്റക്കവിതകള്‍ക്കുള്ള 2025-ലെ
‘രാമചന്ദ്ര പുരസ്‌കാരം ‘
കിടങ്ങറ ശ്രീവത്സന്റെ ‘ ഭിക്ഷാപാത്രം’
എന്ന കവിതയ്ക്ക്.കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച ഇക്കവിത
കാവ്യാനുഭവത്തിന്റെ ഉജ്ജ്വലതയിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നു. കവിത്വം പ്രതിഭകളില്‍ ഉണര്‍ത്തുന്ന മഹത്തായ സാമീപ്യം എത്ര ഉന്നതമെന്നതിന് മികച്ച ദൃഷ്ടാന്തമാണ് ഭിക്ഷാപാത്രം എന്ന കവിത. വെണ്മണി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള കിടങ്ങറ ശ്രീവത്സന്‍ പത്തോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

2025 ഡിസംബര്‍ 5 വെള്ളിയാഴ്ച വൈകിട്ട് 5 ന് നൂറനാട് വന്ദേമാതരം വീട്ടുമുറ്റത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കപ്പെടുമെന്ന് കണ്‍വീനര്‍ ഡോ. സുരേഷ് നൂറനാട് അറിയിച്ചു. 5555 രൂപയും വെങ്കലശില്പവുമടങ്ങുന്ന പുരസ്‌കാരം സാംസ്‌കാരിക രാഷ്ട്രീയപ്രമുഖന്‍ ശ്രീ ജി. ഹരിപ്രകാശാണ് കവി കിടങ്ങറ ശ്രീവത്സനു നല്‍കുന്നത് .ഈ അവാര്‍ഡ് കവികളായ ശാന്തന്‍, കെ.രാജഗോപാല്‍, ഹരിശങ്കരനശോകന്‍ , പ്രൊഫ. എം. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുണ്ട് തദവസരത്തില്‍ ശ്രീമോള്‍ എം, ലക്ഷ്മി നന്ദന ,അര്‍ച്ചന എസ്,മന്ത്ര.എം. ആന്‍, സ്‌നേഹ ഷിജു, നവമി. എം എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപയുടെ കെ.രാമചന്ദ്രന്‍ ക്യാഷ് അവാര്‍ഡും ബാഡ്ജും നല്‍കപ്പെടുന്നു. നൂറനാട് മാര്‍ക്കറ്റില്‍ ഭക്ഷണക്കട നടത്തുന്ന പി ജെ സുരന് 2000 രൂപയുടെ ക്യാഷ് അവാര്‍ഡും അന്നപൂര്‍ണ്ണേശ്വരി ഫലകവും നല്‍കുന്നതാണ്. ക്യാഷ് അവാര്‍ഡും ബാഡ്ജും ഫലകവും കെ. രാമചന്ദ്രന്റെ ഭാര്യ വി.ആര്‍ വിജയമ്മയാണ് നല്‍കുന്നത്.ചടങ്ങിനനുബന്ധമായി ഗായിക കെ.ജി സുമിതയും സംഘവും അവതരിപ്പിക്കുന്ന ‘സോങ്സ് ഓഫ് ഡിസംബര്‍’എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും .അന്‍പതു വര്‍ഷം നൂറനാട് ഗ്രാമത്തില്‍ ടൈപ്പ്‌റൈറ്റിങ് ഇന്‍സ്റ്റിറ്യൂട്ട് നടത്തി ജനങ്ങള്‍ക്ക് പ്രിയങ്കരനായി ത്തീര്‍ന്ന കെ രാമചന്ദ്രന്റെ പേരില്‍ നാട്ടുകാരും ബന്ധുമിത്രാദികളും ചേര്‍ന്നു നടത്തുന്ന ഒറ്റക്കവിതാ അവാര്‍ഡിന്റെ അഞ്ചാം പതിപ്പാണിത്.

Leave a Reply

Your email address will not be published. Required fields are marked *