കൊച്ചി: കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് എംഡിഎംഎ കടത്തുന്നതിനിടെ ലഹരി ശൃംഖലയിലെ മുഖ്യകണ്ണിയായ യുവാവ് എക്സൈസിന്റെ പിടിയിലായി. തിരുവാങ്കുളം സ്വദേശി അക്ഷയ് രാജിനെ (26) ആണ് സ്‌കൂട്ടറില്‍ എംഡിഎംഎ കടത്തുന്നതിനിടെ എക്സൈസ് പിടികൂടിയത്. പള്ളുരുത്തിയില്‍ 175 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ് അക്ഷയ് രാജ്.
കഞ്ചാവ് കേസില്‍ അറസ്റ്റിലായി എട്ട് മാസങ്ങള്‍ക്ക് മുന്‍പ് ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ വീണ്ടും ലഹരിക്കടത്ത് ആരംഭിക്കുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് സംഘം ഇയാളെ പിടികൂടുന്നത്. എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നുകളയാന്‍ അക്ഷയ് രാജ് ശ്രമിച്ചെങ്കിലും, സാഹസികമായി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.