വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന പരാതിയുമായി വനിതാ ക്രിക്കറ്റ് താരം രംഗത്ത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമായ വിപ്രജ് നിഗത്തിനെതിരെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ വഴിയാണ് വിപ്രജിനെ പരിചയപ്പെട്ടതെന്നും, സൗഹൃദം പിന്നീട് പ്രണയമായി മാറുകയും വിവാഹം കഴിക്കാമെന്ന് താരം ഉറപ്പ് നല്‍കുകയും ചെയ്തതായി വനിതാ താരം പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിപ്രജ് വിളിച്ചതനുസരിച്ച് നോയിഡയിലെ ഹോട്ടലില്‍ വെച്ച് ഇരുവരും കണ്ടുമുട്ടി. അവിടെ വെച്ച് വിപ്രജ് ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
പിന്നീട് വിവാഹക്കാര്യം സംസാരിച്ചപ്പോള്‍ വിപ്രജിന്റെ സ്വരം മാറിയെന്നും, വിവാഹം നടക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ തന്നെ ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്തേക്ക് വലിച്ചിട്ടുവെന്നും യുവതി പറയുന്നു. ഇരുവരും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്.