കൊല്ലം: പരീക്ഷയില്‍ ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്ത് 11 വയസ്സുകാരിയെ ആഭിചാരക്രിയയുടെ മറവില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സ്വാമി കൊല്ലത്ത് അറസ്റ്റിലായി. മുണ്ടയ്ക്കല്‍ സ്വദേശിയായ ഷിനുവാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. മൂന്ന് ദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തത്.
ഉയര്‍ന്ന വിജയം നേടാമെന്ന് പറഞ്ഞ് കുട്ടിയെ ഒറ്റയ്ക്ക് മുറിയില്‍ കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായാണ് പരാതി. കുട്ടിയുടെ ശരീരത്തില്‍ ഏകദേശം ഏഴോളം ചരടുകളും ഇയാള്‍ കെട്ടിയിരുന്നു. കുട്ടി അമ്മയോട് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കുകയും ചെയ്തു.
മറ്റുള്ളവരില്‍ നിന്ന് കേട്ടറിഞ്ഞാണ് ഷിനുവിന്റെ അടുത്തേക്ക് എത്തിയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. പൂജ ചെയ്യാന്‍ കുറഞ്ഞ പൈസയേ ആകുകയുള്ളൂവെന്ന് ഷിനു പറഞ്ഞിരുന്നു. ആദ്യം ഒറ്റയ്ക്ക് വന്ന് കാര്യങ്ങള്‍ അന്വേഷിച്ച ശേഷമാണ് മകളെയും കൂട്ടി എത്തിയത്.