ലോക പ്രമേഹ ദിനാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

നവംബര്‍ 14 ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി കാഞ്ഞങ്ങാട് രാജ് റെസിഡന്‍സി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ.വി രാംദാസ് നിര്‍വ്വഹിച്ചു. എച്ച്.ഡബ്ല്യൂ.സി നോഡല്‍ ഓഫീസര്‍ ഡോ.ധന്യ ദയാനന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യുക്ഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.പി ഹസീബ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി എം.എല്‍.എസ്.പി ജീവനക്കാര്‍ക്കായി നടത്തിയ പരിശീലന പരിപാടിയില്‍ ഡബ്ല്യൂ.എച്ച്.ഒ കണ്‍സള്‍റ്റന്‍ഡ് അനൂപ് ജേക്കബ് ക്ലാസ്സെടുത്തു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. രോഗനിര്‍ണയം നടത്തി നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ വൃക്കരോഗം, ഹൃദ്രോഗം, ന്യുറോപതി തുടങ്ങിയ മറ്റനുബന്ധ രോഗങ്ങള്‍ക്ക് കാരണമാകും.

പ്രമേഹം ഒഴിവാക്കാന്‍ പാലിക്കേണ്ട ശീലങ്ങള്‍

ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പാലിക്കുക, പച്ചക്കറികളും ഇലക്കറികളും നിറയെ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക. ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ വളരെ കുറച്ച് എണ്ണ മാത്രം ഉപയോഗിച്ച് പാകം ചെയ്യുക ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. സ്ഥിരമായി വ്യായാമ മുറകള്‍ പാലിക്കുക. പുകവലി മദ്യപാനം മുതലായ അനാരോഗ്യകരമായ ശീലങ്ങള്‍ ഒഴിവാക്കുക. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളായ ഐസ് ക്രീം, കേക്ക്, മധുര പലഹാരങ്ങള്‍, മിട്ടായി, കൃത്രിമ മധുര പാനീയങ്ങള്‍ എന്നിവയുടെ തുടര്‍ച്ചയായ ഉപയോഗം , എണ്ണയില്‍ പൊരിച്ച ഭക്ഷണ വസ്തുക്കള്‍ എന്നിവ ഒഴിവാക്കുക. പ്രമേഹത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ലോകാരോഗ്യ സംഘടന, ഇന്റര്‍ നാഷണല്‍ ഡയബറ്റിക് ഫെഡറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നവംബര്‍ 14 ന് ലോക പ്രമേഹ ദിനമായി ആചരിച്ചു വരുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രാംദാസ് എ.വി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *