ചെറുപനത്തടി : ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ശിശുദിനം വര്‍ണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് സില്‍വര്‍ ജൂബിലി നിറവിന്റെ പകിട്ടുണ്ടായിരുന്നു. പരിപാടിയോടനുബന്ധിച്ച്, ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ‘സ്‌നേഹഭവന പദ്ധതി’യുടെ കൂപ്പണ്‍ നറുക്കെടുപ്പും നടന്നു. പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ ലിസി തോമസ് സ്വാഗതം ആശംസിച്ചു. പ്രിന്‍സിപ്പല്‍ റെവ. ഫാ. ജോസ് കളത്തിപ്പറമ്പില്‍ അധ്യക്ഷ പ്രസംഗം നടത്തി.
മരിയഭവന്‍ സെമിനാരി റെക്ടര്‍ റെവ. ഫാ. ബിബിന്‍ വെളളാരംകല്ലില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശിശു ദിനത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട്, നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി മാസ്റ്റര്‍ മാധവ് കൃഷ്ണ എന്‍ സന്ദേശം നല്‍കി. അഡ്മിനിസ്‌ട്രേറ്റര്‍ റെവ. ഫാ. രവിചന്ദ്ര, പിടിഎ പ്രസിഡന്റ് ടിറ്റോ ജോസഫ് എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. അധ്യാപിക റെജിമോള്‍ ജേക്കബ് ശിശുദിന സന്ദേശം നല്‍കി. അധ്യാപകര്‍ അവതരിപ്പിച്ച നൃത്തം, ഗ്രൂപ്പ് സോംഗ്, സ്‌കിറ്റ് തുടങ്ങിയ കലാപരിപാടികള്‍ കുട്ടികള്‍ക്ക് ആവേശമായി. ശിശു ദിനാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട്, സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി പദ്ധതിയുടെ ഭാഗമായുള്ള സ്‌നേഹഭവന കൂപ്പണ്‍ നറുക്കെടുത്ത് വിജയികളെ ചടങ്ങില്‍ പ്രഖ്യാപിച്ചു. ഷിജി ജെയിംസിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികള്‍ അവസാനിച്ചു.