കൊച്ചി: രാജ്യത്തെ മുന്‍നിര ഡിടിഎച്ച്, ഒടിടി സേവനദാതാക്കളായ ഡിഷ് ടിവി, ആമസോണ്‍ പ്രൈമുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് പ്രൈം ലൈറ്റ് സേവനങ്ങള്‍ നല്‍കുന്നു. ഡിടിഎച്ച് സേവനങ്ങള്‍ക്കു പുറമെ വാച്ചോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം, വി ഇസഡ് വൈ സ്മാര്‍ട്ട് ടിവികള്‍ എന്നിവയിലൂടെയാണ് ഇത് ലഭ്യമാക്കുക. ഉപഭോകതാക്കള്‍ക്ക് ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍, ജനപ്രിയ സീരീസുകള്‍, പുരസ്‌കാരം ലഭിച്ച ഇന്ത്യന്‍, അന്താരാഷ്ട്ര ഒറിജിനലുകള്‍ എന്നിവയുള്‍പ്പെടെ പ്രൈം വീഡിയോയുടെ വിപുലമായ സേവനം ആസ്വദിക്കാമെന്നതാണ് പ്രത്യേകത. ഇതിനു പുറമെ ഫ്രീ ഡെലിവറി ഷിപ്‌മെന്റ് സൗകര്യത്തോടുകൂടിയ ആമസോണ്‍ ഷോപ്പിങ്ങും ലഭ്യമാകുമെന്ന് ഡിഷ് ടിവി അറിയിച്ചു. സാങ്കേതികവിദ്യ, മികച്ച കണ്ടന്റുകള്‍, സൗകര്യപ്രദമായ സേവനങ്ങള്‍ എന്നിവയിലൂടെ ഹോം എന്റര്‍ടൈന്‍മെന്റ് മേഖലയെ നവീകരിക്കുകയാണ് പരസ്പര സഹകരണത്തിലൂടെ ഡിഷ് ടിവി ലക്ഷ്യമിടുന്നത്. രാജ്യത്തെ ദശലക്ഷക്കണക്കിന് വീടുകളില്‍ ഡിഷ് ടിവിയുടെ ഡിടിഎച്ച് സേവനമാണ് ഉപയോഗത്തിലുള്ളത്. പ്രൈം ലൈറ്റ് സൗകര്യം ലഭ്യമാക്കുന്നതോടെ പുത്തന്‍ സ്ട്രീമിംഗ് സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിച്ച് വിനോദമേഖലയെ ശക്തിപ്പെടുത്താനും ഡിഷ് ടിവി ലക്ഷ്യമിടുന്നു.
ഡിടിഎച്ച് ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്യുന്നതിലൂടെ സേവനങ്ങള്‍ ലഭിക്കും. വി ഇസഡ് വൈ സ്മാര്‍ട്ട് ടിവി വാങ്ങുന്ന സമയത്തും വാച്ചോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ ആഡ് ഓണ്‍ സബ്‌സ്‌ക്രിപ്ഷന്‍ നല്‍കിയും സേവനം ഉപയോഗിക്കാം. രാജ്യത്തെ മുന്‍നിര ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കമ്പനികളുമായി സഹകരിച്ച് സേവനം ലഭ്യമാക്കുമെന്നും ഡിഷ് ടിവി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് എവിടെനിന്നും ഉപയോഗിക്കാനാകുന്ന തരത്തില്‍ ലളിതവും വ്യക്തി കേന്ദ്രീകൃതവുമായ സേവനങ്ങള്‍ നല്‍കാന്‍ ഡിഷ് ടിവി പ്രതിജ്ഞാബദ്ധരാണെന്ന് ഡിഷ് ടിവി ഇന്ത്യയുടെ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മനോജ് ധോബല്‍ പറഞ്ഞു. ആമസോണ്‍ പ്രൈമുമായി സഹകരിക്കന്നതിലൂടെ വിനോദ മേഖലയിലെ വിപുലവും ഗുണമേന്മയുള്ളതുമായ കണ്ടന്റുകള്‍ തടസരഹിതമായി ഉപയോഗപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.