18 വയസ്സുകാരന്‍ എംഡിഎംഎയുമായി പിടിയില്‍

മലപ്പുറം: തിരൂരില്‍ എംഡിഎംഎയുമായി പതിനെട്ട് വയസ്സുകാരന്‍ എക്സൈസിന്റെ പിടിയിലായി. തിരൂര്‍ പറവണ്ണ സ്വദേശിയായ അലി അസ്‌കര്‍ (18) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 10 ഗ്രാം എംഡിഎംഎയാണ് എക്സൈസ് സംഘം കണ്ടെടുത്തത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈക്കും എക്സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്‌ക്വാഡും തിരൂര്‍ സര്‍ക്കിള്‍ റെയ്ഞ്ച് ഓഫീസുകളും സംയുക്തമായി പരിശോധന നടത്തിയത്.

ഉത്തരമേഖല സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രവീണ്‍, അഖില്‍ ദാസ്, സച്ചിന്‍ ദാസ്, തിരൂര്‍ എക്‌സൈസ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാബുരാജ്, മുഹമ്മദ് അലി, ഗണേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സുധീഷ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സജിത എന്നിവരടങ്ങിയ സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *