അഹമ്മദാബാദ് : 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള ദേശീയ ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് സൌരാഷ്ട്രയോട് തോല്‍വി. മൂന്ന് വിക്കറ്റിനായിരുന്നു സൌരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൌരാഷ്ട്ര എട്ട് പന്തുകള്‍ ബാക്കി നില്‌ക്കെ ലക്ഷ്യത്തിലെത്തി. ക്വിന്‍ഷ് പദാലിയയുടെ ഓള്‍ റൌണ്ട് പ്രകടനമാണ് സൌരാഷ്ട്രയ്ക്ക് വിജയം ഒരുക്കിയത്.
ടോസ് നേടിയ സൌരാഷ്ട്ര കേരളത്തെ ആദ്യം ബാറ്റ് ചെയ്യാന്‍ അയയ്ക്കുകയായിരുന്നു. 21 റണ്‍സെടുത്ത ഒമര്‍ അബൂബക്കറുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. തുടര്‍ന്നെത്തിയ കൃഷ്ണ നാരായണ്‍ അഞ്ചും ഷോണ്‍ റോജര്‍ ഒന്‍പതും രോഹന്‍ നായര്‍ 15ഉം റണ്‍സെടുത്ത് പുറത്തായി. ഒരറ്റത്ത് വിക്കറ്റുകള്‍ മുറയ്ക്ക് വീഴുമ്പോഴും മറുവശത്ത് ഉറച്ച് നിന്ന അഭിഷേക് ജെ നായരുടെ പ്രകടനമാണ് കേരളത്തിന് കരുത്ത് പകര്‍ന്നത്. അഭിഷേക് 100 റണ്‍സെടുത്തു. 11 ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു അഭിഷേകിന്റെ സെഞ്ച്വറി. പവന്‍ ശ്രീധറും ക്യാപ്റ്റന്‍ അഭിജിത് പ്രവീണും അഭിഷേകിന് മികച്ച പിന്തുണ നല്കി. ഇരുവര്‍ക്കുമൊപ്പം അഭിഷേക് 56 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പവന്‍ ശ്രീധര്‍ 32 റണ്‍സ് നേടിയപ്പോള്‍ അഭിജിത് പ്രവീണ്‍ 61 റണ്‍സുമായി പുറത്താകാതെ നിന്നു. 53 പന്തുകളില്‍ ആറ് ഫോറും രണ്ട് സിക്‌സുമടക്കമായിരുന്നു അഭിജിത് 61 റണ്‍സ് നേടിയത്. സൌരാഷ്ട്രയ്ക്ക് വേണ്ടി ക്വിന്‍ഷ് പദാലിയ, മക്വാന ഹിരെന്‍, ക്രെയിന്‍സ് ഫുലേത്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൌരാഷ്ട്രയ്ക്ക് നാല് റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. രാജ് വഗേലയെയും ധ്യേയ് മേത്തയെയും പുറത്താക്കി ആദിത്യ ബൈജുവാണ് കേരളത്തിന് മികച്ച തുടക്കം നല്കിയത്. ക്യാപ്റ്റന്‍ രക്ഷിത് മേത്തയും രാംദേവും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് സൌരാഷ്ട്രയെ കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 106 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 54 റണ്‍സെടുത്ത രാംദേവിനെ പുറത്താക്കി ക്യാപ്റ്റന്‍ അഭിജിത് പ്രവീണ്‍ കേരളത്തിന് പ്രതീക്ഷ നല്കി. രക്ഷിത് മേത്തയെ ആദിത്യ ബൈജുവും പുറത്താക്കിയതോടെ കളി കേരളത്തിന്റെ വരുതിയിലെന്ന് തോന്നിച്ച ഘട്ടത്തിലാണ് ക്വിന്‍ഷ് പദാലിയ ക്രീസിലെത്തിയത്. സമ്മര്‍ദ്ദ ഘട്ടത്തിലും ഒരറ്റത്ത് ഉറച്ച് നിന്ന് അനായാസ ഷോട്ടുകള്‍ പായിച്ച പദാലിയ ഒറ്റയ്ക്ക് മത്സരത്തിന്റെ ഗതി മാറ്റുകയായിരുന്നു. മൌര്യ ഗൊഘാറിയും ക്രെയിന്‍സ് ഫുലേത്രയും മികച്ച പിന്തുണ നല്കിയതോടെ 48.4 ഓവറില്‍ സൌരാഷ്ട്ര ലക്ഷ്യത്തിലെത്തി. 52 പന്തുകളില്‍ അഞ്ച് ഫോറും നാല് സിക്‌സുമടക്കം 73 റണ്‍സുമായി പദാലിയ പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ആദിത്യ ബൈജു മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.