പാലക്കാട്: കാട്ടുപന്നി കുറുകെച്ചാടിയതിനെത്തുടര്‍ന്ന് കാര്‍ നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ മൂന്നു യുവാക്കള്‍ മരിച്ചു. പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകന്‍ റോഹന്‍ (24), നൂറണി സ്വദേശി സന്തോഷിന്റെ മകന്‍ റോഹന്‍ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകന്‍ സനൂഷ് (19) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ച ചന്ദ്രനഗര്‍ സ്വദേശി ആദിത്യന്‍ (23), യാക്കര സ്വദേശി ഋഷി (24), നെന്മാറ സ്വദേശി ജിതിന്‍ (21) എന്നിവര്‍ക്ക് ?ഗുരുതരമായി പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിറ്റൂര്‍ റോഡിലെ കല്ലിങ്കല്‍ ജംക്ഷനു ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്. കാട്ടുപന്നി കുറുകെച്ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ മൈല്‍ക്കുറ്റിയിലും മരത്തിലും ഇടിച്ച ശേഷം പാടത്തേക്ക് മറിഞ്ഞു തകരുകയായിരുന്നു. ചിറ്റൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള യാത്രയ്ക്കിടെ കാട്ടുപന്നിയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് കാര്‍ നിയന്ത്രണംവിട്ടത്. ആദ്യം മൈല്‍ക്കുറ്റിയിലും പിന്നെ സമീപത്തെ മരത്തിലും ഇടിച്ച വാഹനം പാടത്തേക്കു മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.