നാടിന്റെ പച്ചപ്പ് സംരക്ഷിക്കുന്നതിന് ഭിന്നശേഷിക്കാരായ കുട്ടികളെ പങ്കാളിയാക്കാന്‍ ഒരുങ്ങി കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡോസല്‍ഫാന്‍ പുനരധിവാസ ഗ്രാമം, സഹജീവനം സ്‌നേഹഗ്രാമം പദ്ധതി പ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി യൂണിറ്റ് കൂടി ആരംഭിക്കാനൊരുങ്ങുകയാണ് പ്രവര്‍ത്തകര്‍. ആദ്യ ഘട്ടമെന്ന നിലയില്‍ ഹരിത ഗ്രാമം പദ്ധതി പച്ചക്കറി നടില്‍ ഉദ്ഘാടനം ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിഷ്ണുപ്രസാദ് നിര്‍വഹിച്ചു.
സസ്യങ്ങളെ പരിപാലിച്ചു കൊണ്ട് കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു ചികിത്സാ രീതിയാണ് ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി. കുട്ടികളെ മണ്ണിനോട് ഇണങ്ങിച്ചേര്‍ന്ന്, വിത്ത് വിതച്ച്, തൈ നട്ട്, വെള്ളമൊഴിച്ചു, വിളവെടുപ്പ് നടത്തി ലളിതമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ കുട്ടികളില്‍ ശ്രദ്ധ, ആത്മവിശ്വാസം, ഉത്തരവാദിത്വം, സഹകരണം എന്നിവ വളര്‍ത്താനും ഇന്ദ്രിയ വികസനത്തിനും ഹോര്‍ട്ടികള്‍ച്ചര്‍ ചികിത്സാരീതി സഹായിക്കുന്നു. ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി യൂണിറ്റ് ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് സഹജീവനം സ്‌നേഹ ഗ്രാമത്തില്‍ രക്ഷിതാക്കളെയും കുട്ടികളെയും ജീവനക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഹരിതഗ്രാമം പദ്ധതി പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്.
നിലവില്‍ സഹജീവനം സ്‌നേഹ ഗ്രാമത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ആളുകള്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും ഫിസിയോതെറാപ്പി, സൈക്കോതെറാപ്പി, സ്പീച്ച് തെറാപ്പി, ഡെവലപ്‌മെന്റ് തെറാപ്പി, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്നീ തെറാപ്പി സേവനങ്ങളാണ് സ്ഥാപനത്തില്‍ നല്‍കുന്നത്.
ചടങ്ങില്‍ പ്രോജക്ട് സപ്പോര്‍ട്ട് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി സതീശന്‍ അധ്യക്ഷനായി.പ്രോജക്ട് സപ്പോര്‍ട്ട് ഗ്രൂപ്പ് ജോയിന്റ് കണ്‍വീനര്‍ സുരഭി എസ് നായര്‍, കമ്മിറ്റി അംഗം ആതിര സുരേന്ദ്രന്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത് മാതൃക കര്‍ഷകന്‍ ഭാസ്‌കരന്‍ പാറച്ചാല്‍ എന്നിവര്‍ സംസാരിച്ചു. സഹജീവനെ സ്‌നേഹഗ്രാമം പ്രോജക്ട് മാനേജര്‍ പി സുരേശന്‍ സ്വാഗതവും പ്രോജക്ട് സപ്പോര്‍ട്ട് ഗ്രൂപ്പ് ട്രഷറര്‍ കെ മണികണ്ഠന്‍ നന്ദിയും പറഞ്ഞു.