രാജപുരം: കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡിന്റെ വികസന രേഖ 2020-25 ‘കയ്യൊപ്പ്’ ഒരു മെമ്പറുടെ ഡയറി എന്ന പേരില്‍ പാറപ്പള്ളി ഹാപ്പിനെസ്സ് പാര്‍ക്കില്‍ ഒരുക്കിയ സ്‌നേഹ സംഗമത്തില്‍ പുറത്തിറക്കി. മാധ്യമ പ്രവര്‍ത്തകന്‍ സുരേഷ് കൂക്കള്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍ പി.നാരായണന് കൈമാറി പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരന്‍ നാരായണന്‍ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ, ത്രിതല പഞ്ചായത്ത് എന്നിവ മുഖാന്തിരം റോഡിന് 332 ലക്ഷവും മറ്റു പ്രവര്‍ത്തികള്‍ക്ക് 251.23 ലക്ഷവും ഭവന പുനരുദ്ധാരണ പദ്ധതികള്‍ക്ക് 81.50 ലക്ഷവും ഉള്‍പ്പെടെ 5 വര്‍ഷത്തിനിടയില്‍ 664.73 ലക്ഷം രൂപയാണ് വാര്‍ഡില്‍ അനുവദിച്ചത്. ക്ഷേമ പെന്‍ഷന്‍ 94 പേര്‍ക്കും വയോജന കട്ടില്‍ 24 പേര്‍ക്കും വയോബിന്‍ 55 പേര്‍ക്കും, മുട്ടാക്കോഴി 154 പേര്‍ക്കും, കറവപശു 8 പേര്‍ക്കും വിതരണം ചെയ്തു. 1900 മീറ്റര്‍ പുതിയ ടാറിംങ്ങും 1900 മീറ്റര്‍ പുതിയ കോണ്‍ക്രീറ്റ് റോഡുംവാര്‍ഡില്‍ ചെയ്തു.
പാറപ്പള്ളിയില്‍ ഹാപ്പിനെസ്സ് പാര്‍ക്കും വിവിധ സ്ഥലങ്ങളിലായി 5 കുടിവെള്ള പദ്ധതികളും പൂര്‍ത്തീകരിച്ചു. എല്ലാവര്‍ഷവും എസ് എസ് എല്‍ സി പ്ലസ്ടുവില്‍ ഉന്നതവിജയം നേടിയ വരെ അനുമോദിക്കുകയും, വാര്‍ഡിലെ വിവിധ മേഖലയില്‍ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയ എല്ലാവരെയും ആദരിച്ചു. ഓണം, ക്രിസ്തുമസ്സ്, റംസാന് പ്രത്യേക ആഘോഷ പരിപാടികളും മഴ പൊലിമ, നാട്ടി മഹോല്‍സവം, ചക്ക മഹോല്‍സവം എന്നിങ്ങനെ വ്യത്യസ്ഥ പരിപാടികളും സംഘടിപ്പിച്ചു.
മുതിര്‍ന്നവരെ ആദരിക്കല്‍, വായോജന സംഗമങ്ങള്‍, പരിസ്ഥിതി ദിനം, ഡോക്ടേഴ്‌സ് ദിനം, വനിതാ ദിനം, ഭിന്ന ശേഷി ദിനം, അധ്യാപകദിനം, തുടങ്ങി വിശേഷ ദിനങ്ങളില്‍ അടക്കം 60 മാസത്തിനിടയില്‍ 150 ലധികം വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ച് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡില്‍ നടത്താന്‍ സാധിച്ചുവെന്ന് പഞ്ചായത്തംഗം പറഞ്ഞു. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.ദാമോദരന്‍ സംഗമം ഉല്‍ഘാടനം ചെയ്തു. എ.സലീം, പി.നാരായണന്‍, പി.എം. രാമചന്ദ്രന്‍, അബ്ദുള്‍ റഹിമാന്‍ അമ്പലത്തറ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍ സ്വാഗതവും മുന്‍ പഞ്ചായത്തംഗം പി.എല്‍ ഉഷ നന്ദിയും പറഞ്ഞു.