ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മയക്കുമരുന്നിനും അക്രമത്തിനുമെതിരെ സന്ദേശ യാത്ര സംഘടിപ്പിച്ചു. സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തിപ്പറമ്പില്‍ CFIC സന്ദേശ യാത്രയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ റിട്ട. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.ജി. രഘുനാഥന്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ലഹരി വിരുദ്ധ സന്ദേശം നല്‍കുകയും ചെയ്തു. സമൂഹത്തിന്റെ ഭാവി തലമുറയായ വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നിന് അടിമകളാവരുതെന്നും ‘ മയക്കുമരുന്ന് ജീവിതത്തെ തകര്‍ക്കുന്ന ശത്രുവാണ്” എന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ മയക്കു മരുന്നിനെതിരെ പോസ്റ്ററുകളും ബാനറുകളും തയ്യാറാക്കി. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബ് ചടങ്ങിന്റെ പ്രത്യേക ആകര്‍ഷണമായി . സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ നല്ല അവബോധം വളര്‍ത്തുന്നതിന് ഇത്തരം പരിപാടികള്‍ പ്രധാന പങ്കുവഹിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തി പറമ്പില്‍ അഭിപ്രായപ്പെട്ടു.
കോളിച്ചാല്‍, മാലക്കല്ല് എന്നീ ടൗണുകളില്‍ പര്യടനം നടത്തിയതിനു ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് പാണത്തൂരില്‍ സമാപന സമ്മേളനത്തോടെ സന്ദേശ യാത്ര അവസാനിച്ചു. പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് സമാപന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.കെ വേണുഗോപാല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.പാണത്തൂര്‍ സെന്റ് മേരീസ് ഇടവക വികാരി ഫാ. നോബിള്‍ പന്തലാനി ആശംസാപ്രസംഗം നടത്തി.