ഉദുമ നിയോജക മണ്ഡലം എം എല്‍ എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കുണ്ടംകുഴിയിലെ ബേഡകം ഗവണ്മെന്റ് ടര്‍ഫ് ഉദ്ഘാടനം സി എച്ച് കുഞ്ഞമ്പു എം എല്‍ എ നിര്‍വഹിച്ചു
നാടിന്റെ വികസനം കേവലം റോഡുകളും പാലങ്ങളും മാത്രമല്ലെന്നും കായിക മേഖലയുടെ വികസനവും നാടിന്റെ വികസനത്തില്‍ പ്രധാനമാണെന്ന് സി എച്ച് കുഞ്ഞമ്പു എംഎല്‍എ. എം എല്‍ എയുടെ ആസ്തി വികസനഫണ്ടില്‍ നിന്ന് 98 ലക്ഷം രൂപ ഉപയോഗിച്ച് ബേഡകം കുണ്ടകുഴിയില്‍ നിര്‍മിച്ച ടെര്‍ഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എല്‍ എ. ഒരു വര്‍ഷത്തെ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടിന്റെ 25 ശതമാനം ഉപയോഗിച്ചാണ് ടര്‍ഫ് നിര്‍മിച്ചതെന്നും എല്ലാവര്‍ഷവും സോക്കര്‍ പോലുള്ള കായിക മാമാങ്കങ്ങള്‍ നടത്തുന്ന പഞ്ചായത്തിന് ടര്‍ഫ് ഒരു മുതല്‍ക്കൂട്ടവുമെന്നും എം എല്‍ എ പറഞ്ഞു.
കുണ്ടംകുഴി സ്‌കൂളിന് സമീപം ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള എട്ട് സെന്റ് സ്ഥലത്താണ് 45 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള പുതിയ ടര്‍ഫ് കോര്‍ട്ട് യഥാര്‍ഥ്യമായത്. ബേഡഡുക്ക, കുറ്റി ക്കോല്‍ പഞ്ചായത്തുകളിലുള്ളവര്‍ക്ക് ഫുടബോള്‍, ക്രിക്കറ്റ്, ഹാന്‍ഡ് ബോള്‍ പരിശീലനം നടത്താനും ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനും ടര്‍ഫ് വഴിയൊരുക്കും. ഗ്രൗണ്ടിന്റെ തുടര്‍പരിപാലന ചുമതല ബേഡഡുക്ക ഗ്രാമപഞ്ചായത്തിനാണ്. കേരളോത്സവ വിജയികള്‍ക്കുള്ള അനുമോദനവും സമയബന്ധിതമായി ടര്‍ഫ് കോര്‍ട്ടിന്റെ പണി പൂര്‍ത്തീകരിച്ച കോണ്‍ട്രാക്ടര്‍മാരെയും വിവിധ മത്സരങ്ങളില്‍ ഗ്രാമപഞ്ചായത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ക്ലബ്ബുകളെയും പരിപാടിയില്‍ അനുമോദിച്ചു.ചടങ്ങില്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ധന്യ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷൈനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ പ്ലെയര്‍ സി കെ വിനീത്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി രഘുനാഥ് എന്നിവര്‍ മുഖ്യാതിഥികളായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രമണി, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ മാധവന്‍, ഡി പി സി സര്‍ക്കാര്‍ നോമിനീ സി രാമചന്ദ്രന്‍, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി വരദരാജ്, പി വസന്ത കുമാരി, പി ലത, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എം ഗുലാബി, ആസ്സൂത്രണ സമിതി അംഗം എം അനന്തന്‍, യുവജന കമ്മീഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബിപിന്‍രാജ് പായം, കായിക അദ്ധ്യാപകന്‍ വിജയകൃഷ്ണന്‍ മാസ്റ്റര്‍, വൈ സി സി ട്രഷറര്‍, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധി അശോകന്‍ നായര്‍ കോടോത്ത്, കേരള വ്യാപാരി വ്യവസായ സമിതി പി കെ ഗോപാലന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി ഇ കുഞ്ഞിരാമന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജിത്തു ജോണ്‍സി സ്വാഗതവും സംഘാടക സമിതി കണ്‍വീനറും യൂത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അനില്‍ മുന്നാട് നന്ദിയും പറഞ്ഞു.