പാണത്തൂര്‍ – അജ്ഞാത വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് അവശനിലയില്‍ റോഡരികില്‍ കണ്ടെത്തിയ തെരുവ് നായക്ക് രക്ഷകരായി ഒരു കൂട്ടം യുവാക്കള്‍. ഇന്നലെ രാത്രിയിലാണ് പാണത്തൂരില്‍ സ്ഥിരമായി കാണാറുള്ള നായക്ക് അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് എഴുന്നേറ്റ് നില്‍ക്കാനോ, ഭക്ഷണമോ, വെള്ളമോ കഴിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു നായ. വിവരമറിഞ്ഞെത്തിയ പാണത്തൂരിലെ എക്‌സ്ട്രീം ട്രാവല്‍ ഉടമ പട്ടുവത്തെ അനില്‍കുമാര്‍, കുറ്റിക്കോല്‍ അഗ്‌നിരക്ഷാ നിലയത്തിലെ സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ കെ.യു കൃഷ്ണകുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂര്‍ യൂണിറ്റ് പ്രസിഡണ്ട് സുനില്‍കുമാര്‍ പി.എന്‍, പാണത്തൂരിലെ ഓട്ടോ ഡ്രൈവറും സാമൂഹ്യ പ്രവര്‍ത്തകനുമായ ധനൂപ് ദാമോധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ 10 മണിയോടുകൂടി ബളാംതോട് മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടര്‍ അരുണിനെ കൊണ്ടുവന്ന് നായക്ക് ചികില്‍സ ലഭ്യമാക്കുകയായിരുന്നു. ഡോക്ടറുടെ പരിശോധനയില്‍ നായയുടെ തുടയെല്ലിനും നട്ടെല്ലിനും പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനാല്‍ നായയുടെ തുടക്ക് പ്ലാസ്റ്റര്‍ ഇടുകയും ചെയ്തു. നായക്ക് തുടര്‍ച്ചയായി ഒരാഴ്ചക്കാലം മരുന്ന് നല്‍കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നും, മറ്റു നായ്ക്കള്‍ അക്രമിക്കാന്‍ സാധ്യതയുള്ളതിനാലും അനില്‍കുമാര്‍ നായയെ പട്ടുവത്തെ തന്റെ വീട്ടിലേക്ക് കൊണ്ടുവന്ന് സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. തെരുവ് നായ്ക്കളെ സമൂഹം ആട്ടിയോടിക്കുന്ന കാലത്താണ് ഒരു തെരുവുനായക്ക് രക്ഷകനായി ഒരു കൂട്ടം യുവാക്കള്‍ മാറിയിരിക്കുന്നത്.