ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം സംബന്ധിച്ചുളള സമയക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആയ സി പ്രഭാകരന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, പ്രധിനിധി മുഹമ്മദ് ഹനീഫ, പി രമേശ്, അബ്ദുള്ളകുഞ്ഞി ചെര്‍ക്കള,എം.സി പ്രഭാകരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള എസ്.ഐ. ആര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ വിശദീകരിച്ചു. പ്രവര്‍ത്തകര്‍ക്ക് അനുഭവപ്പെടുന്ന തിരക്ക് കണക്കിലെടുത്ത് നിലവിലെ സമയക്രമത്തില്‍ മാറ്റം വരുത്തണം എന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.ജില്ലയില്‍ ഇതുവരെ 65% പേരുടെ മാപ്പിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മാപ്പിംഗ് പൂര്‍ത്തിയാക്കിയ വ്യക്തികളുമായി രക്തബന്ധമുള്ള വ്യക്തികളെ വോട്ടര്‍ പട്ടികയില്‍ ലിങ്ക് ചെയ്യുന്നതിന് ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്യുമറേഷന്‍ ഫോം സമര്‍പ്പിച്ച എല്ലാവരും കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടും. അതിനാല്‍, യോഗ്യതയുള്ള മുഴുവന്‍ ആളുകളെയും കൊണ്ട് എന്ന്യൂമറേഷന്‍ ഫോം നല്‍കിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും വോട്ടര്‍മാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതില്‍ ബൂത്ത് ലെവല്‍ ഏജന്റ്മാര്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.