കാസര്‍കോട് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ ചെങ്കള പഞ്ചായത്ത് സ്റ്റേഡിയത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിക്കെതിരെ കായിക ലഹരി എന്ന ലക്ഷ്യത്തോടെ ജില്ലാതലത്തില്‍ വോളിബോള്‍ മത്സരം സംഘടിപ്പിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം.സൂരജ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അസി. പ്രൊഫസര്‍ എം.സി രാജു ലഹരി വിരുദ്ധ സന്ദേശം നല്‍കി. വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ സ്നേഹ, വിമുക്തി മെന്റര്‍ ചാള്‍സ് ജോസ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ കോളേജുകള്‍ പങ്കെടുത്ത മത്സരത്തില്‍ കാസര്‍കോട് ഗവ. കോളേജ്, ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളേജ് മഞ്ചേശ്വരം, മുന്നാട് പീപ്പിള്‍സ് കോളേജ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അര്‍ഹരായി. വിജയികള്‍ക്കുള്ള സമ്മാനദാനം വിമുക്തി മാനേജര്‍ അന്‍വര്‍ സാദത്ത് നിര്‍വ്വഹിച്ചു. അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ജനാര്‍ദ്ദനന്‍, പ്രിവന്റീവ് ഓഫീസര്‍ മോഹന കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോസഫ് അഗസ്റ്റിന്‍, കണ്ണന്‍കുഞ്ഞി, സബിത്ത്, നിഖില്‍ എക്സൈസ് ഡ്രൈവര്‍ മഹേഷ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. വിമുക്തി മാനേജര്‍ അന്‍വര്‍ സാദത്ത് സ്വാഗതവും വിമുക്തി മെന്റര്‍ ഗോവിന്ദന്‍ നന്ദി പറഞ്ഞു.