ബേക്കല്‍: ബേക്കല്‍ പുഴയോരത്ത് ഉപജില്ല കലോത്സവ നഗറില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി ജൈവ വൈവിധ്യങ്ങളുടെ പ്രദര്‍ശനമൊരുക്കിയത് ശ്രദ്ധേയമായി. . ബ്രഹ്‌മി, പൂവാംകുറുന്തല്‍, അടക്കാമണിയന്‍ തുടങ്ങിയ ഔഷധച്ചെടികളും, പുഴമുല്ല, അതിരാണി, ഒതളം, തുടങ്ങിയ പുഴ സസ്യങ്ങളും പ്രദര്‍ശനത്തിലുണ്ട്. കൂടാതെ ബേക്കല്‍ പുഴയോരത്ത് കാണുന്ന പെരുമുണ്ടി, കാലി മുണ്ടി, കുളക്കൊക്ക്, തിത്തിരി തുടങ്ങിയ പക്ഷികളുടെയും ഉള്‍നാടന്‍ മത്സ്യങ്ങളുടെയും ചിത്രങ്ങളുമുണ്ട്. കടലോരത്തെ വിവിധ തരം കക്കകളുടെ ശേഖരവുമുണ്ട്. കലോത്സവം നടക്കുന്ന എല്ലാ വേദികളിലെയും ജൈവ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നത് ഓലക്കൊട്ടയിലാണ്. ഇതിനായി സ്‌ക്കൂളിലെ ജൈവ വൈവിധ്യ ക്ലബ്ബിലെ കുട്ടികള്‍ ഹരിതസേനയോടൊപ്പം കൊട്ട യുണ്ടാക്കാന്‍ സഹായിച്ചിരുന്നു.