തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും സംയുക്തമായി നടപ്പാക്കിയ ഫലവൃക്ഷ വ്യാപന പദ്ധതിയായ ഹരിത വീഥിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നാടിന്റെ ജൈവ വൈവിധ്യം സംരക്ഷിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്ക് മുതല്‍ മൃഗാശുപത്രി വരെ നീളുന്ന പൊതുമരാമത്ത് റോഡിന്റെ ഇരുവശങ്ങളിലുമായിട്ടാണ് ഹരിത വീഥി ഒരുക്കിയിരിക്കുന്നത്. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെ പൂര്‍ത്തിയാക്കിയ ഈ വികസന സംരംഭത്തിന്റെ പ്രഖ്യാപനം ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടറിയായ ഡോ. വി. ബാലകൃഷ്ണന്‍ നിര്‍വഹിക്കും.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ അധ്യക്ഷത വഹിക്കും. പരിസ്ഥിതിക്ക് ദോഷകരമായ അക്കേഷ്യ മരങ്ങള്‍ പിഴുതുമാറ്റി അവിടെ ഫലവൃക്ഷത്തൈകള്‍ക്ക് ഇടം നല്‍കി ഒരുക്കിയ ഹരിത വീഥിയില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന് ഇരുവശത്തും 20 പ്രത്യേക പ്ലോട്ടുകളിലായാണ് വൃക്ഷങ്ങള്‍ നട്ടു പരിപാലിക്കുന്നത്. വിവിധയിനം മാവുകള്‍, പ്ലാവുകള്‍, പേര, സപ്പോട്ട, പുളി, പുണാര്‍ പുളി, നെല്ലി, ഞാവല്‍, മാംഗോസ്റ്റീന്‍ തുടങ്ങിയവ ഉള്‍പ്പെടെ 1500-ല്‍പരം തൈകളാണ് പ്രധാനമായും നാട്ടു പിടിപ്പിച്ചിട്ടുള്ളത്. തദ്ദേശീയമായും പടന്നക്കാട് കാര്‍ഷിക കോളജില്‍ നിന്നും കൃഷിഭവന്‍ മുഖേനയുമാണ് ഗുണമേന്മയുള്ള ഫലവൃക്ഷ തൈകള്‍ ലഭ്യമാക്കിയത്. നട്ടുപിടിപ്പിച്ച തൈകള്‍ സംരക്ഷിക്കുന്നതിനായി മുള കൊണ്ടുള്ള വേലി നിര്‍മ്മിച്ചു. ചെമ്പരത്തി, ചെക്കി, കോളാമ്പി തുടങ്ങിയവയുടെ കമ്പുകള്‍ നട്ട് ജൈവവേലിയും ഒരുക്കിയത്തോടെ ഹരിത വീഥി ജൈവ വൈവിധ്യം സംരക്ഷണത്തിന്റെ പുത്തന്‍ മാതൃകയാവുകയാണ്. തൃക്കരിപ്പൂരിന്റെ ഈ ഫലവൃക്ഷ പാത നാട്ടുകാര്‍ക്ക് പ്രകൃതിയോടിണങ്ങിയ ഒരനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.