നീലേശ്വരം നഗരസഭയുടെ ദീര്‍ഘകാല സ്വപ്നമായ പുതിയ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് ഇന്ന് (ഒക്ടോബര്‍ 31-ന് ) ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗ് ഉള്‍പ്പെടെ ആകെ 40,000 ചതുരശ്ര അടി വിസ്തൃതിയിലാണ് നാല് നിലകളുള്ള കോംപ്ലംക്സ് നിര്‍മ്മിച്ചിരിക്കുന്നത്. കാത്തിരിപ്പ് മുറി, 45 ടോയ്ലറ്റ്, 40 കാര്‍ പാര്‍ക്കിംഗ് സൗകര്യം, ലിഫ്റ്റ്, സ്ത്രീകള്‍ക്കായി ഫീഡിംഗ് റൂം, പോലീസ് എയ്ഡ് പോസ്റ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിലും ഒന്നാം നിലയിലും വ്യാപാരശാലകളും മുകളിലെ നിലകളില്‍ ഓഫീസുകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും. നീലേശ്വരത്തെ ജനങ്ങള്‍ ഏറെക്കാലമായി കാത്തിരുന്ന ഈ പദ്ധതിയുടെ ശിലാസ്ഥാപനം 2025 ഫെബ്രുവരി 16-നാണ് നടന്നത്. നിശ്ചയിച്ച സമയപരിധിയേക്കാള്‍ ആറുമാസം മുമ്പാണ് ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.
നീലേശ്വരത്തിന്റെ ചിരക്കാല സ്വപ്നമായിരുന്നു ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് എന്നും രാജ റോഡ് ഉള്‍പ്പെടെ ഒട്ടനവധി വികസനങ്ങള്‍ നീലേശ്വരത്ത് നടന്നു കൊണ്ടിരിക്കുന്നതിനൊപ്പം പുതിയ ബസ് സ്റ്റാന്‍ഡ് കൂടി വരുന്നതോടെ നഗരത്തിന് വലിയ മാറ്റം സംഭവിക്കുമെന്നും നീലേശ്വരം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത പറഞ്ഞു. നീലേശ്വരത്തിന്റെ ഗതാഗത സംവിധാനത്തെയും നഗര വികസനത്തെയും പുതിയ ദിശയിലേക്ക് നയിക്കുന്ന പദ്ധതിയായി ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് മാറുമെന്നാണ് പ്രതീക്ഷ.