മാരക ലഹരിയില്‍ നിന്ന് ജീവിത ലഹരിയിലേക്ക്; കാസര്‍കോടന്‍ യുവതയെ കൈ പിടിച്ച് നടത്തി വിമുക്തി മിഷന്‍

വര്‍ദ്ധിച്ച് വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും കുട്ടികളെയും യുവാക്കളെയും പൊതുജനങ്ങളെയും സംരക്ഷിക്കുന്നതിനും അവരില്‍ ലഹരി വസ്തുക്കള്‍ ക്കെതിരെ അവബോധം ഉണ്ടാക്കുന്നതിനുമായി കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി മിഷനിലൂടെ കാസര്‍കോട് ജില്ലയില്‍ വിവിധങ്ങളായ ലഹരി വിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന സ്വഭാവത്തില്‍ നിന്നും മ ജീവിത ലഹരിയിലേക്ക് മാറി ചിന്തിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് വിമുക്തിയിലൂടെ നടത്തി വരുന്നത്.

ജില്ലയിലെ വിവിധ സ്‌കൂളുകളിലായി 281 ആന്റി നര്‍ക്കോട്ടിക്ക് ക്ലബുകള്‍

ജില്ലയിലെ ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി 281 ആന്റി നര്‍ക്കോട്ടിക്ക് ക്ലബുകള്‍ രൂപീകരിക്കുകയും ഈ ക്ലബ്ബുകളിലൂടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവല്‍കരണ ക്ലാസുകള്‍ക്ക് പുറമെ പ്രത്യേകം ലൈഫ് സ്‌കില്‍ പരിശീലനം, വിവിധ വിഷയങ്ങളില്‍ ക്വിസ് മത്സരങ്ങള്‍, കുട്ടികളിലെ സര്‍ഗ്ഗവാസനകള്‍ അഭിരുചികള്‍ എന്നിവ മനസ്സിലാക്കുന്നതിന് പ്രത്യേകം മത്സര പരിപാടികള്‍ എന്നിവ നടത്തി വരുന്നു.

വിദ്യാഭ്യാസത്തോടൊപ്പം കായിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കി
കായിക മത്സരങ്ങളും സംഘടിപ്പിച്ച് വരുന്നുണ്ട്. സ്റ്റുഡന്റ് പോലീസ്, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി. സി, ജെ.ആര്‍.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് എന്നിവയുമായി ചേര്‍ന്നും വിവിധങ്ങളായ ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ച് വരുന്നു.

സ്‌കൂളുകളില്‍ സ്‌കൂള്‍ തല ജാഗ്രത സമിതികള്‍

സ്‌കൂളുകളിലെ വിദ്യര്‍ത്ഥികളിലെ ലഹരി ഉപയോഗം തടയുന്നതിന് സ്‌കൂളുകളില്‍ സ്‌കൂള്‍ തല ജാഗ്രത സമിതികള്‍ രൂപീകരിക്കുകയും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഈ കമ്മിറ്റിയിലൂടെ പരിഹരിക്കപ്പെടുന്നു. കൂടാതെ സ്‌കൂള്‍ പരിസരങ്ങളിലും പരിസര പ്രദേശങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ചും പ്രത്യേക പരിശോധനകളും നടത്തി വരുന്നു. പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് പ്രത്യേകം ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ച് വരുന്നുണ്ട്.

യുവാക്കള്‍ക്കായി നേര്‍ക്കൂട്ടം, ശ്രദ്ധ കമ്മറ്റികള്‍

യുവാക്കളെ ലഹരി ഉപയോഗം തടയുന്നതിന് കോളേജ്, ഹോസ്റ്റലുകള്‍ എന്നിവ കേന്ദ്രീകരിച്ച് ജില്ലയിലെ 40 കോളേജുകളില്‍ നേര്‍ക്കൂട്ടം കമ്മിറ്റിയും 16 ഹോസ്റ്റലുകളില്‍ ശ്രദ്ധ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഈ ക മമ്മറ്റികളിലൂടെയും എന്‍എസ്എസ്, എന്‍സിസി എന്നിവയുടെ സഹകരണത്തോടെ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ച് വരുന്നു.

ജാഗ്രത സദസ്സുകളിലൂടെ ലഹരി വിരുദ്ധ ബോധവല്‍കരണം

ലഹരി വിരുദ്ധ ബോധവല്‍കരണം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വിമുക്തി മിഷന്‍ നേരിട്ടും മറ്റ് വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, ലൈബ്രറി, ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെയും ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസുകളും, ജാഗ്രത സദസ്സുകളും മറ്റ് ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടികളും സംഘടിപ്പിച്ച് വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പഞ്ചായത്ത്, മുനിസിപ്പാലിറ്റി തല ജാഗ്രത സമിതികള്‍, വാര്‍ഡ് തല ജാഗ്രത സമിതികള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ വിളിച്ച് ചേര്‍ക്കുകയും ചെയ്യുന്നു. പട്ടിക ജാതി പട്ടിക വര്‍ഗ ഉന്നതികള്‍ കേന്ദ്രീകരിച്ച് സന്ദര്‍ശനവും ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടികളും സംഘടിപ്പിച്ച് വരുന്നു.

അതിഥി തൊഴിലാളികള്‍ക്കും കരുതല്‍

അതിഥി തൊഴിലാളികള്‍ക്കായി അവരുടെ ഭാഷയില്‍ പ്രത്യേകം ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസുകള്‍ സംഘടിപ്പിച്ച് വരുന്നു. മാരക ലഹരിക്കെതിരെ റാലി, കൂട്ടയോട്ടം തുടങ്ങിയ പരിപാടികളും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ വിമുക്തി ബോധവല്‍കരണ സ്റ്റാളുകളും നടത്തി വരുന്നുണ്ട്.

ലഹരിക്കെതിരെ കായിക ലഹരിയുമായി ഉണര്‍വ്വ് പദ്ധതി

ലഹരിക്കെതിരെ കായിക ലഹരി എന്ന ലക്ഷ്യത്തോടെ ജില്ലയിലെ സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഉണര്‍വ്വ് പദ്ധതി. കായിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കി സബ് കലക്ടര്‍ ഉള്‍പ്പെടുന്ന ജില്ലാതല കമ്മിറ്റിയിലൂടെ സ്‌കൂളുകളില്‍ നിന്നും ലഭിച്ച കായികവുമായി ബന്ധപ്പെട്ട പ്രൊപ്പോസലുകള്‍ പരിശോധിച്ച് വര്‍ഷത്തില്‍ ഒരു സ്‌കൂള്‍ തിരഞ്ഞെടുക്കുകയും മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വരെ ലഭിക്കാവുന്ന ഈ പദ്ധതി തിരഞ്ഞെടുത്ത സ്‌കൂളില്‍ നടപ്പിലാക്കുകയും ചെയ്യുന്നു. നിലവില്‍ ജില്ലയില്‍ മലോത്ത്കസബ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഇളമ്പച്ചി ഗുരുചന്തു പണിക്കര്‍ സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ മിനി ജിംനേഷ്യം സ്ഥാപിക്കുകയും മറ്റ് കായിക ഉപകരണങ്ങള്‍ നല്‍കിയും പദ്ധതി നടപ്പിലാക്കി.

ടീം വിമുക്തി – സ്‌പോര്‍ട്‌സ് ടീം 48 സ്‌കൂളുകളില്‍ ടീം രൂപീകരിച്ചു

വിദ്യാഭ്യാസത്തോടൊപ്പം കായിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിമുക്തി ക്ലബുകള്‍ മുഖേനെ സ്‌കൂളിന് ആവിശ്യമായ ഒരു കായിക ഇനം തിരഞ്ഞെടുത്ത് ടീം രൂപീകരിക്കുകയും അതിന് ആവശ്യമയ ഉപകരണങ്ങളും കായിക അധ്യാപകന്റെ നേതൃത്വത്തില്‍ പ്രത്യേകം പരിശീലനവും വിമുക്തി ലോഗോ പതിപ്പിച്ച ജേഴ്സിയും നല്‍കുകയും ചെയ്യുന്നു.

ഒരു വര്‍ഷത്തില്‍ ജില്ലയില്‍ നിന്ന് 24 സ്‌കൂളുകള്‍ തിരഞ്ഞെടുക്കുകയും പദ്ധതി നടപ്പിലാക്കുകയും ചെയ്യുന്നു. ഇങ്ങനെ കഴിഞ്ഞ വര്‍ഷങ്ങളില്‍ 48 സ്‌കൂളുകളില്‍ ടീം രൂപീകരിക്കുകയും ടീമുകളെ പങ്കെടുപ്പിച്ച് ജില്ലാതലത്തില്‍ ടീം വിമുക്തി കായിക മേള സംഘടിപ്പിക്കുകയും ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷം തിരഞ്ഞെടുത്ത 24 സ്‌കൂളുകളില്‍ ടീം വിമുക്തി പദ്ധതി നടപ്പിലാക്കി വരുന്നു.

എല്‍.പി, യുപി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബാല്യം അമൂല്യം പദ്ധതി

സ്‌കൂള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനകളും മറ്റ് കഴിവുകളും കണ്ടുപിടിച്ച് ലഹരി എന്ന തെറ്റായ വഴിയിലേക്ക് പോകാതെ നേര്‍വഴിക്ക് നയിക്കുന്നതിനായി ജില്ലയിലെ എല്‍.പി, യുപി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബാല്യം അമൂല്യം പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. പ്രാരംഭ ഘട്ടം ജില്ലയിലെ 10 സ്‌കൂളുകള്‍ തിരഞ്ഞെടുക്കുകയും വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ട് മഞ്ചാടി ക്ലബ് രൂപീകരിക്കുകയും ഈ ക്ലബ്ബിലൂടെ സ്‌കൂളുകള്‍ തയ്യാറാക്കിയ ഷെഡ്യൂള്‍ പ്രകാരം വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് വരുന്നു. കൂടാതെ സ്‌കൂളുകള്‍ക്ക് ആവശ്യമായ കായിക ഉപകരണങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

നേര്‍വഴി കാട്ടാന്‍ വിമുക്തി മെന്റര്‍മാര്‍ വിളിക്കുക 9656178000

വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ അവ പരിഹരിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് ലഭ്യമാക്കുന്നതിനും വേണ്ടി ആരംഭിച്ച പദ്ധതിയാണ് നേര്‍വഴി. 9656178000 എന്ന നമ്പറിലൂടെ ലഭിക്കുന്ന പരാതികള്‍ അനുസരിച്ച് പ്രത്യേകം പരിശീലനം ലഭിച്ച വിമുക്തി മെന്റര്‍മാര്‍ വിദ്യര്‍ത്ഥിയെയും രക്ഷിതാക്കളെയും അധ്യാപകരെയും നേരില്‍ കാണുകയും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്യുന്നു. ഡി അഡിക്ഷന്‍ ട്രീറ്റ്‌മെന്റ് ആവശ്യമുളള വിദ്യാര്‍ത്ഥികളെ വിമുക്തി ലഹരി വിമോചന കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നു.

കിടത്തി ചികിത്സ സൗകര്യവുമായി വിമുക്തി ഡി അഡിക്ഷന്‍ സെന്റര്‍ ഇത് വരെ ചികിത്സ തേടിയത് 6422 പേര്‍

ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ അകപ്പെട്ടുപോയ ആളുകളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിന് വിമുക്തി മിഷന്റെ കീഴില്‍ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ വിമുക്തി ലഹരി വിമോചന കേന്ദ്രം പ്രവര്‍ത്തിച്ച് വരുന്നു. മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍, സ്റ്റാഫ് നഴ്‌സുമാര്‍, സെക്യൂരിറ്റി സ്റ്റഫുകള്‍, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനവും കിടത്തി ചികിത്സ നല്‍കുന്നതിന് ഒന്‍പത് ബെഡുകളും ലഭ്യമാണ്. 2018 നവംബറില്‍ഓ.പി, ഡിസംബറില്‍ ഐ.പിയും ആരംഭിച്ചു. ഡീ അഡിക്ഷന്‍ സെന്ററില്‍ ഇതുവരെ 6422 പേര്‍ ഓ.പി സൗകര്യവും 603 പേര്‍ കിടത്തി ചികിത്സയും തേടി.

തൊഴിലാണ് എന്റെ ലഹരി സൗജന്യ പി.എസ്.സി പരിശീലനം

തീരദേശ മേഖലയിലെ 50 യുവതി യുവാക്കള്‍ക്കായി തൊഴിലാണ് എന്റെ ലഹരി എന്ന പേരില്‍ സൗജന്യ പിഎസ്സി പരിശീലനം ചന്ദ്രഗിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ചു വരുന്നു. ഇത് വരെ 14 ക്ലാസുകള്‍ പൂര്‍ത്തീകരിച്ചുവെന്ന് വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം സ്‌നേഹ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *