ജില്ലയിലെ തെരുവുനായ നിയന്ത്രണത്തിനായി മുളിയാറില്‍ തുടങ്ങിയ എബിസി കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. മൃഗസംരക്ഷണ,ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി മുളിയാറിലെ എബിസി കേന്ദ്രം സമര്‍പ്പിച്ചിരുന്നു. ആഗസ്റ്റ് പതിനെട്ടിനു എ.ബി.സി കേന്ദ്രം സന്ദര്‍ശിച്ച കേന്ദ്ര സംഘം പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുകയും തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ജനറല്‍ അനസ്‌തേഷ്യ പ്രോട്ടോകോള്‍ ഉപയോഗിച്ചുകൊണ്ടാണ് വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്തുന്നത്. തുടര്‍ന്ന്, പെണ്‍പട്ടികളെ അഞ്ചുദിവസവും ആണ്‍ പട്ടികളെ നാല് ദിവസവും ആന്റി ബയോട്ടിക്കുകള്‍ നല്‍കി നിരീക്ഷണത്തില്‍ വച്ചതിന് ശേഷം തിരികെ വിടും. ജില്ലയിലെ ഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
2016 ലാണ് ജില്ലയില്‍ സ്ഥാപന അടിസ്ഥാനത്തില്‍ മൃഗ പ്രജനന നിയന്ത്രണ സംവിധാനങ്ങളായ എ.ബി.സി കേന്ദ്രങ്ങള്‍ നിലവില്‍ വരുന്നത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള പഴയ മൃഗാശുപത്രി കെട്ടിടത്തില്‍ കേന്ദ്രത്തിന്റെ ആദ്യത്തെ പ്രവര്‍ത്തനം ആരംഭിച്ചു. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അംഗീകൃത ഏജന്‍സിയാണ് വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പിന്നീട് തൃക്കരിപ്പൂരിലും ജില്ലയിലെ രണ്ടാമത്തെ എ.ബി.സി കേന്ദ്രം ഉദ്ഘാടനം ചെയ്തു. 2023 വരെയുള്ള കാലയളവില്‍ പതിനൊന്നായിരത്തിന് മുകളില്‍ തെരുവ് നായ്ക്കളുടെ വന്ധ്യംകരണം രണ്ട് കേന്ദ്രങ്ങളിലുമായി നടത്താന്‍ മൃഗസംരക്ഷണവകുപ്പിന് സാധിച്ചു. എന്നാല്‍ പിന്നീട് ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം എ.ബി.സി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു.
ഇക്കാലയളവില്‍ തന്നെയാണ് മുളിയാറില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള എ.ബി.സി കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്തു. കെട്ടിട നിര്‍മ്മാണത്തിനായി ഒരുകോടി 40 ലക്ഷം രൂപയും, ഉപകരണങ്ങള്‍ക്കായി 10 ലക്ഷം രൂപയും ഉള്‍പ്പെടെ ഒരുകോടി 50 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതി ത്രിതല പഞ്ചായത്തുകളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് പൂര്‍ത്തീകരിച്ചത്. എല്ലാ സൗകര്യങ്ങളോടും കൂടി ഏറ്റവും ആധുനികമായ രീതിയില്‍ നൂറുകൂടുകളോടെ ദിവസേന ഇരുപത് നായകളെ വന്ധ്യംകരണം നടത്താന്‍ ഉതകുന്ന വിധത്തിലാണ് എ.ബി.സി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ഇവിടെ വന്ധ്യം കരണത്തിനായുള്ള ശസ്ത്രക്രിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അംഗീകൃത ഏജന്‍സിയായ നെയിന്‍ ഫൗണ്ടേഷനാണ്.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഏജന്‍സി, പഞ്ചായത്ത് മോണിറ്ററിംഗ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പിടിച്ച തെരുവ് നായ്ക്കളെ പരിശോധിക്കുക, മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വന്ധ്യംകരണത്തിനായുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുക എന്നിവയാണ് മുളിയാര്‍ എ.ബി.സി കേന്ദ്രത്തില്‍ നടക്കുന്ന പ്രധാനപ്രവര്‍ത്തനം. ഇങ്ങനെ ശസ്ത്രക്രിയയ്ക്ക് വിധേയമായ തെരുവ് നായ്ക്കളെ അഞ്ചുദിവസം കേന്ദ്രത്തിലെ കൂടുകളില്‍ തന്നെ പാര്‍പ്പിക്കുകയും ഇക്കാലയളവില്‍ പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് നല്‍കി അവയെ പിടിച്ച ഇടങ്ങളിലേക്ക് തന്നെ തിരിച്ചയക്കുകയും ചെയ്യും. ഇങ്ങനെ തെരുവ് നായകളെ നിയന്ത്രിക്കുന്നതില്‍ പുതിയൊരു അദ്ധ്യായം കുറിക്കാന്‍ ഒരുങ്ങുകയാണ് മുളിയാര്‍ എ.ബി.സി കേന്ദ്രം.