എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുകൊണ്ടുള്ള വികസനമാണ് നാടിനാവശ്യം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍

കിനാനൂര്‍ കരിന്തളം വികസന സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള സമഗ്ര വികസനമാണ് നാടിന് ആവശ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍. കിനാനൂര്‍ കരിന്തളം വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തല വികസനം ഉള്‍പ്പെടെ എല്ലാ മേഖലകളിലും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന വികസന പ്രവര്‍ത്തനങ്ങളാണ് കേരള സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ജനങ്ങളുടെ വികസനത്തിന് ആവശ്യമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് മാത്രം കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഇരുപത് കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയതായി പ്രസിഡന്റ് പറഞ്ഞു.

വയോജനങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കി. ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്ന് നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്ത് നടത്തുകയും അതിലൂടെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് ഇനിയും എല്ലാ മേഖലകളിലും മുന്നോട്ട് വരാന്‍ കഴിയണമെന്നും പുതിയ തലമുറയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കേണ്ടതുണ്ടെന്നും പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി അധ്യക്ഷനായി. പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള ആദരം നല്‍കി.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ശകുന്തള, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച് അബ്ദുള്‍നാസര്‍, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈജമ്മബെന്നി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി അജിത്ത്കുമാര്‍, വാര്‍ഡ് മെമ്പര്‍ കെ.വി.ബാബു,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പാറക്കോല്‍ രാജന്‍, കിനാനൂര്‍ കരിന്തളം സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഉഷാ രാജു തുടങ്ങിയവര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ടി.പി.ശാന്ത സ്വാഗതവും കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ്റ് സെക്രട്ടറി സജീന്ദ്രന്‍ പുതിയ പുരയില്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ സന്ദേശം എന്നിവ പ്രദര്‍ശിപ്പിച്ചു. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.വി സന്തോഷ് കുമാര്‍ അവതരിപ്പിച്ചു.തുടര്‍ന്ന് പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോയും പ്രദര്‍ശിപ്പിച്ചു. ജനങ്ങളുടെ വികസന ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചു.

സദസിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പഞ്ചായത്ത് നടപ്പാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും ഒരുക്കി. പൂര്‍ത്തിയാക്കിയ റോഡുകള്‍, സ്‌കൂളുകളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും നവീകരണം, വയോജനങ്ങള്‍ക്കായുള്ള പദ്ധതികള്‍, കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച സംരംഭങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ മുന്നേറ്റങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ അണിനിരന്നത്.

കാര്‍ഷിക-കായിക മേഖലകള്‍ക്ക് ഊന്നല്‍; സമഗ്ര വികസന നിര്‍ദ്ദേശങ്ങളുമായി കിനാനൂര്‍ കരിന്തളം വികസനസദസ്സ്

കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് വികസന സദസ്സുമായി ബന്ധപ്പെട്ട് നടന്ന ഓപ്പണ്‍ ഫോറം സമഗ്രമായ വികസന കാഴ്ചപ്പാടുകളുടെ വേദിയായി. സര്‍ക്കാര്‍ പദ്ധതികളുടെ കൃത്യമായ നടത്തിപ്പിന് മോണിറ്ററിങ് ടീം വേണമെന്നതടക്കമുള്ള നിര്‍ണായക അഭിപ്രായങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. കൃഷിക്ക് ഊന്നല്‍ നല്‍കണം എന്നതായിരുന്നു പ്രധാന നിര്‍ദ്ദേശം. തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കുന്നതിനും നെല്ലുല്‍പ്പാദന രംഗത്ത് സജീവമായി ഇടപെടുന്നതിനും മില്ലറ്റ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നടപടി വേണമെന്ന് അഭിപ്രായമുയര്‍ന്നു. അതോടൊപ്പം വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ കൃത്യമായ നടത്തിപ്പ് ഉറപ്പാക്കാന്‍ ഒരു മോണിറ്ററിങ് ടീം ആവശ്യമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

ആരോഗ്യ രംഗത്തെ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി, കുടുംബാരോഗ്യ കേന്ദ്രത്തിന് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ക്കായി പുതിയ കെട്ടിടം അനിവാര്യമാണെന്ന് ആവശ്യം ഉന്നയിച്ചു. കൂടാതെ, ക്യാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വരുമാന പരിധി കുറയ്ക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. സാമൂഹികപരമായ വിഷയങ്ങളില്‍, യുവതലമുറയെ ലക്ഷ്യമിട്ട് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ആസക്തി തടയുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും തദ്ദേശീയമായി നടത്തേണ്ടതുണ്ട്. തെരുവുനായ ശല്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അത് ഇല്ലാതാക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അഭിപ്രായം.

പട്ടികവര്‍ഗ്ഗ മേഖലയില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, നല്‍കി വരുന്ന മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്‌കോളര്‍ഷിപ്പുകള്‍ തുടര്‍ന്നും നല്‍കണമെന്നും ആവശ്യപ്പെട്ടു.
വ്യവസായ മേഖലയുടെ ഉന്നമനത്തിന് ആവശ്യമായ പദ്ധതികള്‍ ഏറ്റെടുത്തു നടത്തണമെന്ന ആവശ്യത്തിനൊപ്പം ഹരിത കര്‍മ്മ സേനയുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള കാര്യങ്ങളും ചെയ്യണം എന്നും നിര്‍ദ്ദേശിക്കപ്പെട്ടു. പഞ്ചായത്തിലെ കായിക മേഖലയെ പരിപോഷിപ്പിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി, ഒരു മിനി സ്റ്റേഡിയവും ആവശ്യമായ കളിക്കളങ്ങളും ഉണ്ടാകണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *