തൃശൂര്‍: ഓട്ടോക്കൂലിയായി ചില്ലറ പണം ആവശ്യപ്പെട്ടതിന്റെ പേരില്‍ ഡ്രൈവറെ യാത്രക്കാര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. ഗുരുതരമല്ലാത്ത പരിക്കുകളോടെ ആക്രമണത്തിനിരയായ ഡ്രൈവറെ, മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ആക്രമികളിലൊരാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തൃശൂര്‍ കോട്ടപ്പടി പിള്ളക്കാട് സ്വദേശിയും ബസ് സ്റ്റാന്‍ഡ് പാര്‍ക്കിലെ ഓട്ടോ ഡ്രൈവറുമായ കൈതക്കാട്ട് മധുസൂദനനാണ് ആക്രമിക്കപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഒറ്റപ്പാലം സ്വദേശിയായ ബാബുവും സുഹൃത്തും ചേര്‍ന്നാണ് മധുസൂദനന്റെ ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ചത്. യാത്രയുടെ കൂലിയായി 30 രൂപ ആവശ്യപ്പെടുകയും ചില്ലറ പണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെ യാത്രക്കാരിലൊരാള്‍ പ്രകോപിതനാവുകയായിരുന്നു.
യാത്രക്കാരന്‍ കൈവശമുണ്ടായിരുന്ന സഞ്ചിക്കുള്ളില്‍നിന്ന് കത്തിയെടുത്ത് വീശിയെന്നാണ് മധുസൂദനന്‍ പോലീസിനോട് വെളിപ്പെടുത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ചതിനിടെ ഡ്രൈവറുടെ കൈവിരലുകള്‍ക്ക് മുറിവേല്‍ക്കുകയും മുഖത്തും ചെവിക്കും പരിക്കേല്‍ക്കുകയും ചെയ്തു.