അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് വന്‍വിജയം

മാണിക്കോത്ത്ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന വികസന സദസ്സ് കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്: പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണം തള്ളിക്കളഞ്ഞ് ജനങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഒരുക്കിയ ജനകീയ വികസനത്തിന്റെ 5 വര്‍ഷങ്ങള്‍ വികസന സദസ്സും പിന്നിട്ട നാള്‍വഴികളുടെ ഫോട്ടോ വീഡിയോ, പ്രദര്‍ശനവും വിവിധ കലാപരിപാടികളുംവന്‍ വിജയമായി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് വികസന സദസ്സ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌കരണ ഭീഷണി മുഴക്കിയതിനാല്‍ ചടങ്ങ് എത്രത്തോളം പ്രൗഢഗംഭീരമാകും എന്നതില്‍ ആശങ്കയുള്ളവാക്കിയിരുന്നു . എന്നാല്‍ ഈ ആശങ്കകളെ ഒക്കെ അസ്ഥാനത്താക്കിക്കൊണ്ട് വന്‍ ജനപങ്കാളിത്തംവികസന സദസിന്റെ വിജയമായി മാറി. മാണിക്കോത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന വികസന സദസ്സ് കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് മുന്നോടിയായി എംഎല്‍എ ജനകീയ വികസനത്തിന്റെ 5 വര്‍ഷങ്ങള്‍ പിന്നിട്ട നാള്‍വഴികളുടെ ഫോട്ടോ പ്രദര്‍ശനം വീക്ഷിച്ച് പഞ്ചായത്തിനെ അഭിനന്ദിച്ചു. പ്രദര്‍ശനം വീക്ഷിക്കാനും വികന സന സദസ്സില്‍ പങ്കെടുക്കാനും ആയിരങ്ങളാണ് പ്രദര്‍ശന നഗരിയിലും വികസന സദസ്സ് ഹാളിലും എത്തിച്ചേര്‍ന്നത്. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. വികസന സദസ്സില്‍ വച്ച് ആരോഗ്യ ഗ്രാമം പദ്ധതി പ്രകാശനവും പ്രദര്‍ശനവും നടന്നു. കൂടാതെ ലൈഫ് ഭവന താക്കോല്‍ ദാനം, പഞ്ചായത്ത് പദ്ധതി പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം, പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ക്ക് ഭൂമി ദാനം നല്‍കിയവരെ ആദരിക്കല്‍, പഞ്ചായത്ത് വികസന വീഡിയോ പ്രദര്‍ശന എന്നിവയും നടന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ സ്‌ക്രീനില്‍ വാക്കുകള്‍ കൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്തു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി.
അജാനൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. എച്ച്. അനീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍. കെ. വിജയന്‍, വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുള്‍ റഹിമാന്‍,അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍കെ. മീന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം ജി.പുഷ്പ സാമൂഹ്യ പ്രവര്‍ത്തകരായ മൂലക്കണ്ടം പ്രഭാകരന്‍, എ, തമ്പാന്‍, മാട്ടുമ്മല്‍ ഹസ്സന്‍, സന്തോഷ് മാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു നന്ദിയും പറഞ്ഞു. വിവിധ വീഡിയോ പ്രദര്‍ശനങ്ങള്‍, ഫോട്ടോ പ്രദര്‍ശനം, വിഷന്‍ അജാനൂര്‍ 2030 ചര്‍ച്ച, അനുമോദനം വിവിധ കലാപരിപാടികള്‍ എന്നിവയും നടന്നു. കൂടാതെ വിവിധ പ്രദര്‍ശന സ്റ്റാളുകള്‍ വില്പന സ്റ്റാളുകള്‍ എന്നിവയും വികസന സദസ്സിന് മാറ്റുകൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *