കാഞ്ഞങ്ങാട് :കേരളത്തില്‍ രണ്ടാം തവണയും പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ ജനകോടികളുടെ വിശ്വാസത്തെ ചവിട്ടി അരയ്ക്കുകയും സംവത്സരങ്ങളായി ഭക്ത ജനങ്ങള്‍ തീര്‍ത്ഥാടനം നടത്തുന്ന ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തിലെയും ശ്രീകോവിലിനു മുന്നിലുള്ള കട്ടിള പടിയിലെയും സ്വര്‍ണ പാളികള്‍ കൊള്ളയടിക്കപ്പെട്ടു. മൂന്നാം തവണയും പിണറായി വിജയന്‍ അധികാരത്തില്‍ വന്നാല്‍ അയ്യപ്പന്റെ തങ്കവിഗ്രഹം കൊള്ള നടത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസ്താവിച്ചു. കാസര്‍ഗോഡ് നിന്നും ചെങ്ങന്നൂരിലേക്ക് കെ മുരളീധരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ മേഖല ജാഥ കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറില്‍ വെച്ച് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി മത ഭേതമന്യേ എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൂടെനിന്നിട്ടുണ്ട്. വോട്ട് രാഷ്ട്രീയത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിച്ചു കൊണ്ട് തമ്മിലടിപ്പിക്കുകയും. ദൈവ വിശ്വാസം ഇല്ലാത്തവര്‍ ദേവസ്വം വകുപ്പും ക്ഷേത്ര ഭരണവും കയ്യിലെടുത്തു കൊണ്ട് ക്ഷേത്രങ്ങളിലെ സ്വര്‍ണം ഉള്‍പ്പെടെ ഉള്ള സമ്പത്തുകള്‍ കൊള്ള നടത്താന്‍ ശ്രമിച്ചാല്‍ അതി ശക്തമായ പ്രക്ഷോഭത്തിലൂടെ ഭരണാധികാരികള്‍ക്ക് താക്കീത് കൊടുക്കുവാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് ജാഥാ നായകന്‍ കെ മുരളീധരന്‍ പറഞ്ഞു.
ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു, ജാഥ ഉപനായകന്‍ ടി സിദ്ധിക്ക് എം എല്‍ എ, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ,ജാഥ മാനേജര്‍ അഡ്വ. പി എം നിയാസ്, രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ ഷാനിമോള്‍ ഉസ്മാന്‍, കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ നേതാക്കളായ ഇബ്രാഹിം കുട്ടി കല്ലാര്‍, എ ഗോവിന്ദന്‍ നായര്‍, കെ നീലകണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.