പത്തനംതിട്ട: വസ്തു എഴുതി വാങ്ങാന്‍ അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ മകന്‍ ജോറി വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പള്ളിക്കല്‍ സ്വദേശിനി ലിസിയെയാണ് മകനും മരുമകളും ചേര്‍ന്ന് തോക്കുമായി എത്തി ഭീഷണിപ്പെടുത്തിയത്.
മുപ്പതുകൊല്ലത്തോളമായി ഗള്‍ഫിലും പിന്നീട് യുഎസിലും ജോലി ചെയ്ത ലിസി, നാലുമാസം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ലിസിക്കും ഭര്‍ത്താവിനും മൂന്ന് ആണ്‍മക്കളാണുള്ളത്. ഇതില്‍ രണ്ടാമനാണ് ജോറിന്‍. സ്വത്തിന്റെ പേരില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് തോക്കുമായെത്തി അമ്മയെ ഭീഷണിപ്പെടുത്തിയത്. ഭീഷണിക്ക് വഴങ്ങി സ്വത്ത് എഴുതി നല്‍കാമെന്ന് ലിസി അറിയിക്കുകയും ചെയ്തു. ഈ സമയം വീട്ടില്‍ ഉണ്ടായിരുന്ന ഇളയമകന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ അടൂര്‍ പൊലീസ് സ്ഥലത്തെത്തി ജോറി വര്‍ഗീസിനെ പിടികൂടുകയായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. തിങ്കളാഴ്ച നടത്തിയ തെളിവെടുപ്പിനിടെ ജോറിന്‍ തോക്ക് പൊലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ ജോറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.