നീലേശ്വരം: ഒക്ടോബര്‍ 15, 16, 17 തീയതികളില്‍ ബാനം ഗവ.ഹൈസ്‌കൂളിന്റെ ആതിഥേയത്വത്തില്‍ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന റവന്യൂ ജില്ലാ കായികമേള വിജയിപ്പിക്കാന്‍ ബാനം ഗ്രാമം ഒരുങ്ങി. പരിമിതമായ സാഹചര്യങ്ങളിലും കായികമേളയുടെ നടത്തിപ്പ് കുറ്റമറ്റതാക്കാന്‍ ഇന്നലെ സ്‌കൂളില്‍ നടന്ന യോഗം തീരുമാനിച്ചു. നൂറോളം പേര്‍ യോഗത്തില്‍ സംബന്ധിച്ചു. കായികമേളയ്ക്കു മുന്നോടിയായി 14 ന് ദീപശിഖാ പ്രയാണം നടക്കും. കഴിഞ്ഞ വര്‍ഷത്തെ നടത്തിപ്പുകാരായ ചായ്യോത്ത് ഗവ.ഹൈസ്‌കൂളില്‍ നിന്നും രാവിലെ കൊളുത്തി കൈമാറുന്ന ദീപശിഖ ബാനത്തെ ദേശീയ, സംസ്ഥാന കായികതാരങ്ങളുടെ നേതൃത്വത്തില്‍ ബാനം സ്‌കൂളില്‍ എത്തിക്കും. വഴിയില്‍ വിവിധ സ്‌കൂളുകളില്‍ ദീപശിഖയ്ക്ക് സ്വീകരണമൊരുക്കും. വൈകുന്നേരത്തോടെ മേള നടക്കുന്ന ഇ.എം.എസ് സ്റ്റേഡിയത്തില്‍ ദീപശിഖാ പ്രയാണം എത്തിച്ചേരും. 115 ഇനങ്ങളിലായി വിവിധ വിഭാഗങ്ങളില്‍ പെടുന്ന 1500 ലധികം കായികതാരങ്ങള്‍ മേളയില്‍ മാറ്റുരയ്ക്കും. സ്‌കൂളില്‍ നടന്ന യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് പി.രാജീവന്‍ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേശ്, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.ഗോപാലകൃഷ്ണന്‍, പി.ദിവാകരന്‍, ബാനം കൃഷ്ണന്‍, കെ.കെ കുഞ്ഞിരാമന്‍, കെ.എന്‍ ഭാസ്‌കരന്‍, വിജയന്‍ മുണ്ടാത്ത്, പി.കെ ബാലചന്ദ്രന്‍,, അനൂപ് പെരിയല്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും അനിത മേലത്ത് നന്ദിയും പറഞ്ഞു.