രാജപുരം: ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥ പരിഗണിച്ച് കാസര്‍ഗോഡ് ജില്ലയില്‍ തന്നെ എയിംസ് (AIIMS – All India Institute of Medical Sciences) അനുവദിക്കണമെന്ന ശക്തമായ ആവശ്യവുമായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം (NSS) വളണ്ടിയര്‍മാര്‍ രംഗത്ത്. ‘എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ’എന്ന ജനകീയ സംഘടനയുമായി ചേര്‍ന്നാണ് എന്‍എസ്എസ് യൂണിറ്റ് ജില്ലയില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
ജില്ലയിലെ വിവിധ ടൗണുകളില്‍ വരുന്ന ഒരാഴ്ചയ്ക്കുള്ളില്‍ പതിനായിരം ആളുകളെ നേരില്‍ കണ്ട് എയിംസിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനാണ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ ജനകീയ പ്രക്ഷോഭത്തിന് കൂടുതല്‍ ശക്തി നല്‍കാനും, കാസര്‍ഗോഡിന്റെ ആവശ്യം അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും അവര്‍ പദ്ധതിയിടുന്നു.
പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ സുപ്രധാന നടപടികള്‍ സ്വീകരിച്ചിരുന്നു. എയിംസ് കാസര്‍ഗോഡിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പതിനായിരം പേര്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കേന്ദ്ര-സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍ക്കും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും അയച്ചിരുന്നു. മറ്റ് ജില്ലകളില്‍ നിന്നുള്ള ജനകീയ കൂട്ടായ്മകള്‍ എയിംസിനായി വാദിക്കുമ്പോള്‍, കാസര്‍ഗോഡിന് വേണ്ടി ‘എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ’ എന്ന ഈ കൂട്ടായ്മ മാത്രമാണ് ശക്തമായ അവകാശവാദം മുന്നോട്ട് വെക്കുന്നതെന്നും വളണ്ടിയര്‍മാര്‍ ചൂണ്ടിക്കാട്ടി.
ആരോഗ്യ മേഖലയില്‍ ദീര്‍ഘകാലമായി പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ് കാസര്‍ഗോഡ്. കൂടാതെ, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ദുരിതങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കപ്പെടുന്നതിന് ഒരു മികച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി സ്ഥാപനം എന്ന നിലയില്‍ എയിംസ് കാസര്‍ഗോഡിന് ഒരു അനിവാര്യതയാണ് എന്നും ഈ സംഘടനകള്‍ വാദിക്കുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്കും കോഴിക്കോട്ടേക്കും പോകേണ്ടി വരുന്ന സാഹചര്യത്തിന് എയിംസ് വരുന്നതോടെ മാറ്റമുണ്ടാകുമെന്നും അവര്‍ പ്രത്യാശിക്കുന്നു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ അതുല്യ കുര്യാക്കോസ്, അഖില്‍ തോമസ് എന്നിവരും എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ ഭാരവാഹികളായ ഗണേഷ് അരമങ്ങാനം, മുരളിധരന്‍ പടന്നക്കാട്, സലീം സന്ദേശം ചൗക്കി, ശ്രീനാഥ് ശശി, സൂര്യനാരായണ ഭട്ട്, വളണ്ടിയര്‍ സെക്രട്ടറിമാരായ എന്‍.എ അനുശ്രീ, എം. ഗോപിക, എം കൃഷ്‌ണേന്ദു, പി വി ഋഷികേഷ്, പി. റസീന്‍, ദര്‍ശന്‍ ബാലന്‍, എം. പ്രണവ് എന്നിവര്‍ ചേര്‍ന്നാണ് നിലവിലെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്