ലോക മാനസികാരോഗ്യ ദിനം; ജില്ലാതല ഉദ്ഘാടനം നടത്തി

ലോക മാനസികാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളരിക്കുണ്ട് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിര്‍വ്വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.രേഖ അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ. സന്തോഷ് ബി മുഖ്യ പ്രഭാഷണം നടത്തി. ബളാല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുല്‍ ഖാദര്‍, അംഗങ്ങളായ ജെസി ചാക്കോ, വിന്‍സി ജെയിന്‍, ഇ.പത്മാവതി, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ഷിനില്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ബിമല്‍ ഭൂഷണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും വെള്ളരിക്കുണ്ട് കുടുംബരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സാജു സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

ദിനാചാരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ടൌണ്‍ മുതല്‍ വ്യാപാരഭവന്‍ വരെ ബോധവത്കരണ റാലി സംഘടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ചു നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രി സൈക്കാട്രിസ്റ് ഡോ അപര്‍ണ കെ പി ക്ലാസ്സെടുത്തു. കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം),ദേശീയ ആരോഗ്യദൗത്യം, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

എല്ലാ വര്‍ഷവും ഒക്ടോബര്‍ 10ന് ലോക മാനസികാരോഗ്യ ദിനം (World Mental Health Day) ആചരിക്കുന്നു. വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഈ ദിനം ആചരിച്ചു വരുന്നത്. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മാനസിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ സഹായം തേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.’അത്യാസന്ന ഘട്ടത്തിലെ മാനസികാരോഗ്യം’ എന്നതാണ് ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിനാചരണ സന്ദേശം. പ്രകൃതിദുരന്തങ്ങള്‍, സംഘര്‍ഷങ്ങള്‍, പകര്‍ച്ചവ്യാധികള്‍, അടിയന്തര അവസ്ഥകള്‍ എന്നിവ ഉണ്ടാകുമ്പോള്‍ ആളുകള്‍ക്ക് അനുഭവപെടുന്ന മാനസിക വെല്ലുവിളികള്‍, പ്രതിസന്ധികള്‍, എന്നിവയില്‍ നിന്നും ആളുകളെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തനുള്ള പ്രചോദനം നല്‍കുക എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ ലക്ഷ്യം. സന്ദേശത്തെ ആസ്പദമാക്കി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി രാംദാസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *