കുവൈത്ത്: രാജ്യത്ത് ഗതാഗതം തടസ്സപ്പെടുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനായി ട്രാഫിക് നിയമങ്ങള്‍ കര്‍ക്കശമാക്കി. നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങള്‍ 2 മാസം വരെ പിടിച്ചെടുക്കാനുള്ള തീരുമാനത്തിലാണ് ട്രാഫിക് വകുപ്പ്. അശ്രദ്ധമായ ഡ്രൈവിംഗും, മനഃപൂര്‍വമുള്ള ഗതാഗത തടസ്സപ്പെടുത്തലും രാജ്യത്തുടനീളം രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി റോഡ് നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതോടെയാണ് ഈ കടുത്ത നടപടി.
നിയമലംഘനങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍, ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ട്രാഫിക് നിയമങ്ങളുടെ നടപ്പാക്കല്‍ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. അഡ്വാന്‍സ്ഡ് ക്യാമറകള്‍, പട്രോള്‍ യൂണിറ്റുകള്‍, ഡ്രോണുകള്‍ എന്നിവയുടെ സഹായത്തോടെ നടത്തിയ സമഗ്ര നിരീക്ഷണത്തിലാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമാകുന്ന നിയമലംഘനങ്ങളുടെ വര്‍ദ്ധനവ് ഓപ്പറേഷന്‍സ് റൂം കണ്ടെത്തിയത്. പുതിയ തീരുമാനത്തോടെ നിയമലംഘകര്‍ക്ക് ഇനി രക്ഷപ്പെടാന്‍ സാധിക്കില്ല.
വാഹനങ്ങള്‍ പിടിച്ചെടുക്കും
നിയമവിരുദ്ധമായി ഓവര്‍ടേക്ക് ചെയ്യല്‍, ലൈനുകള്‍ തടസ്സപ്പെടുത്തല്‍, മനഃപൂര്‍വം വാഹനങ്ങളുടെ വേഗത കുറച്ച് ഗതാഗതത്തിന് തടസ്സമുണ്ടാക്കല്‍ തുടങ്ങിയവയാണ് പ്രധാനമായും അധികൃതര്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍.
ഗതാഗത തടസ്സങ്ങള്‍ക്ക് കാരണമാകുന്ന വാഹനങ്ങള്‍ രണ്ട് മാസം വരെ പിടിച്ചെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 207, 209 എന്നിവ പ്രകാരമാണ് ഈ നടപടി.
തിരക്കുള്ള സമയങ്ങളില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കുക ലക്ഷ്യമിട്ട്, നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ ശക്തമായ നിരീക്ഷണവും നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുതിര്‍ന്ന സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.