മാലിന്യ പരിപാലനം; കാസര്‍കോട് നഗരസഭയില്‍ വാക്കത്തോണ്‍ നടത്തി

കാസര്‍കോട് നഗരത്തിലെ മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും നഗരം ശുചിയും മനോഹരമായും നിലനിര്‍ത്തുന്നതിനുമായി ‘പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നഗരസഭയില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിന സന്ദേശമായ ‘ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍’ എന്ന സന്ദേശമുള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ റാലിയുടെ ഭാഗമായത്. ചെയര്‍മാന്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാസര്‍കോട് ഗവ. കോളേജിലെ എന്‍.എസ്.എസ്. അംഗങ്ങള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് ശ്രദ്ധേയമായി. കാസര്‍കോട് ജി.എച്ച്എസ്.എസ്., തളങ്കര ജി.വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ എസ്.പി.സി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഹരിത കര്‍മ്മസേന, വ്യാപാരികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറയിലുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സഹീര്‍ ആസിഫ്, കെ.എസ്. ഡബ്ള്യു.എം.പി. ജില്ലാ ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ മിഥുന്‍ കൃഷ്ണന്‍, ജില്ലാ സോഷ്യല്‍ എക്സ്പെര്‍ട് ഡോ.കെ.വി.സൂരജ്, മോണിറ്ററിങ് എക്സ്പര്‍ട്ട് സി.എം. ബൈജു, പാക്കേജ്-ഡി ടീം ലീഡര്‍ മഹേഷ് റെഡ്ഡി കൊഡൂരു, കമ്മ്യൂണിക്കേഷന്‍ കണ്‍സല്‍ട്ടന്റ് ടി.എസ് പറശ്ശിന്‍ രാജ്, ക്ലീന്‍ സിറ്റി മാനേജര്‍ എ.വി.മധുസൂദനന്‍, എസ്.ഡബ്ള്യു.എം. എന്‍ജിനീയര്‍ കെ.പി.നീതുറാം എന്നിവര്‍ സംസാരിച്ചു. നഗരസഭാ മന്ദിരത്തിന് മുന്നില്‍ നിന്നും ആരംഭിച്ച വാക്കത്തോണ്‍ നഗരം ചുറ്റിയാണ് അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *