ഫ്‌ളോറിഡ: ക്ലാസ് മുറിയിലിരുന്ന് പതിമൂന്നുകാരന്‍ ചാറ്റ്ജിപിടിയോട് ചോദിച്ചത് തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താമെന്നാണ്. സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലാക്കി. അതേസമയം, താന്‍ തമാശക്കാണ് അത്തരമൊരു ചോദ്യം ചാറ്റ് ജിപിടിയോട് ചോദിച്ചതെന്നാണ് പതിമൂന്നുകാരന്‍ പറയുന്നത്. അമേരിക്കയിലെ ഡെലാന്‍ഡിലെ സൗത്ത് വെസ്റ്റേണ്‍ മിഡില്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ കംപ്യൂട്ടറിലൂടെയാണ് പതിമൂന്നുകാരന്‍ ചാറ്റ് ജിപിടിയുമായി ആശയവിനിമയം നടത്തിയത്.
സ്‌കൂളിലെ കമ്പ്യൂട്ടറില്‍ ലോഗിന്‍ ചെയ്ത കുട്ടി ചാറ്റ്ജിപിടിയോട് സംശയം ചോദിച്ചു. ”ക്ലാസിനിടയില്‍വച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊലപ്പെടുത്താം”. നിമിഷങ്ങള്‍ക്കകം സ്‌കൂള്‍ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിള്‍ എന്ന എഐ സംവിധാനം സ്‌കൂള്‍ കാമ്പസിലെ പൊലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കി.
പിന്നാലെ ഉദ്യോഗസ്ഥന്‍ എത്തി വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തു. താന്‍ തമാശക്കായി ചെയ്തതാണെന്നാണ് കുട്ടി ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥനു നല്‍കിയ മൊഴി. എന്നാല്‍ സ്‌കൂള്‍ അധികൃതരും പൊലീസ് ഉദ്യോഗസ്ഥനും സംഭവത്തെ തള്ളിക്കളഞ്ഞില്ല. വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റി.