33 മണിക്കൂര്‍ യാത്ര, ഒരു ആചാരത്തിന്റെ ഭാഗം; ഈ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആഹാരം സൗജന്യമാണ്

യാത്രക്കാര്‍ക്ക് ഭക്ഷണത്തിന് വേണ്ടി ഒരു പൈസയും ചിലവില്ല. ഭക്ഷണം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഈ ട്രെയിനിനെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? സച്ച്ഖണ്ഡ് എക്സ്പ്രസിലാണ് ഇങ്ങനെ സൗജന്യ ഭക്ഷണമുള്ളത്. മഹാരാഷ്ട്രയിലെ നാന്ദേയ് തുടങ്ങി പഞ്ചാബിലെ അമൃത്സറില്‍ വരെയാണ് ഈ ട്രെയിന്‍ യാത്ര. ഗുരു ഗോബിന്ദ് സിങ് ജിയുടെ സമാധി സ്ഥലമായ തക്ത് ശ്രീ ഹസൂര്‍ സാഹിബിനെയും അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തെയുമാണ് ഈ ട്രെയിന്‍യാത്ര ബന്ധിപ്പിക്കുന്നത്.

കഴിഞ്ഞ 29 വര്‍ഷമായി ഈ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആഹാരം സൗജന്യമാണ്. ഏകദേശം 2000 കിലോമീറ്റര്‍ ദൂരം താണ്ടുന്ന ഈ ട്രെയിനില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് ഇന്ത്യന്‍ റെയില്‍വേ അല്ലെന്നതാണ് രസകരമായ മറ്റൊരു കാര്യം. സിഖ് ഗുരുദ്വാരകളാണ് സൗജന്യ ഭക്ഷണവിതരണത്തിന് നേതൃത്വം നല്‍കുന്നത്. ഒരു ആചാരത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഈ ട്രെയിനിലെ യാത്രികര്‍ക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത്. സിഖ് ആചാരമായ ലങ്കാറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ രീതി. ജാതിയും മതവുമൊന്നും കണക്കാക്കാതെ എല്ലാവര്‍ക്കും തുല്യമായി ഭക്ഷണം നല്‍കുക എന്നതാണ് ഈ രീതി. യാത്രക്കിടയിലെ വിവിധ സ്റ്റേഷനുകളില്‍ ഭക്ഷണം വിതരണം ചെയ്യും. വോളന്റിയര്‍മാരും പ്രാദേശിക കമ്മിറ്റിയുമാണ് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുന്നത്.

39 സ്റ്റേഷനുകളില്‍ കൂടി കടന്നുപോകുന്ന ട്രെയിനില്‍ ‘ലങ്കാര്‍ ഭക്ഷണം’ വിതരണം ചെയ്യുന്നത് പ്രധാനമായും ഡല്‍ഹി, ഭോപ്പാല്‍, പര്‍ഭാനി, ജല്‍ന, ഔറംഗബാദ്, മരത്വാഡാ എന്നിവടങ്ങളാണ്. 33 മണിക്കൂര്‍ യാത്രയില്‍ ആര്‍ക്കും ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടേണ്ടി വരരുതെന്നതാണ് ലക്ഷ്യം. യാത്രാ റൂട്ടിലുള്ള ഗുരുദ്വാരകളില്‍ സംഭാവനയായി ലഭിക്കുന്ന പണമാണ് ഭക്ഷണത്തിനായി ചിലവഴിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *