കാസര്‍കോട് ഇനി അതി ദാരിദ്ര്യമുക്ത ജില്ല; ജില്ലയുടെ ചരിത്രത്തില്‍ ഈ ദിനം സുവര്‍ണ്ണ ലിപികളില്‍ അടയാളപ്പെടുത്തപ്പെടുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്

ജില്ലയുടെ ചരിത്രത്തില്‍ ഈ ദിനം സുവര്‍ണ്ണ ലിപികളില്‍ അടയാളപ്പെടുത്തപ്പെടുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. കാസര്‍കോട് ജില്ലയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ 2072 അതി ദരിദ്ര കുടുംബങ്ങള്‍ ഉണ്ടായിരുന്നെന്നും അവരെ കൃത്യമായ മാനദണ്ഡങ്ങളിലൂടെ കണ്ടുപിടിച്ച് ഭക്ഷണം, ആരോഗ്യം, സുരക്ഷിത താമസ സ്ഥലം, അടിസ്ഥാന വരുമാനം എന്നിവ നല്‍കി അവരെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു. അതി ദരിദ്രര്‍ക്ക് അവകാശ രേഖകള്‍, വാസയോഗ്യമായ വീടുകള്‍ ,റേഷന്‍ കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡ്, വോട്ടെര്‍ കാര്‍ഡ്, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ഗ്യാസ് കണക്ഷന്‍, തൊഴില്‍ കാര്‍ഡ് എന്നിവ നല്‍കി ജില്ലയെ അതി ദാരിദ്ര്യ മുക്തമാക്കാന്‍ പരിശ്രമിച്ച ജില്ലാ പഞ്ചായത്തിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മന്ത്രി അഭിനന്ദനം അറിയിച്ചു.

50 കോടി രൂപ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മാറ്റിവെച്ച ജില്ലാ പഞ്ചായത്തിനുള്ള ആദരവ് ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ ഏറ്റുവാങ്ങി. ഇതിനായി ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ച ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിനെയും ചടങ്ങില്‍ ആദരിച്ചു. കുടുംബശ്രീയുടെ ‘ബാക് ടു ഫാമിലി പോസ്റ്റര്‍ ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജ് പ്രകാശനം ചെയ്തു. തൊഴില്‍ വകുപ്പിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്ന പീടിക ആപ്പിന്റെ കന്നഡ, മലയാളം പോസ്റ്റര്‍ പ്രദര്‍ശനം നടന്നു. ജില്ലാ പഞ്ചായത്തും ഫസ്റ്റ് മദര്‍ ഫൗണ്ടേഷനും ചേര്‍ന്നൊരുക്കുന്ന ജീവനാളം പദ്ധതിയുടെ പോസ്റ്റര്‍ പ്രദര്‍ശനം ചെയ്തു. ജില്ലയെ അതിദാരിദ്ര്യ മുക്തമാക്കന്‍ പ്രവര്‍ത്തിച്ചവരില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ഹരിദാസ്, പി.എ.യു ഹെഡ് ക്ലാര്‍ക്ക് സി.എച്ച് സിനോജ്, ഐ.റ്റി പ്രൊഫഷണല്‍ അനീഷ കെ.വി സെക്ഷന്‍ ക്ലാര്‍ക്ക് വിദ്യാലക്ഷ്മി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാപഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായി. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പദ്ധതി അവതരണം നടത്തി. എം.എല്‍.എമാരായ എം. രാജഗോപാലന്‍, ഇ.ചന്ദ്രശേഖരന്‍, സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം. അഷറഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.

കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ അബ്ബാസ് ബീഗം, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ. ശകുന്തള, അഡ്വ. എസ്.എന്‍ സരിത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജാസ്മീന്‍ കബീര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമ ലക്ഷ്മി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ്, എല്‍.എസ്.ജി.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. ഹരിദാസ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി ജില്ലാ നോഡല്‍ ഓഫീസറും പ്രോജക്റ്റ് ഡയറക്ടറുമായ ടി.ടി. സുരേന്ദ്രന്‍, നവകേരളം പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം.വല്‍സന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.രതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡി.പി.സി ചെയര്‍പേഴ്സണുമായ ബേബി ബാലകൃഷന്‍ സ്വാഗതവും ജില്ലാ ജോയിന്റ് ഡയറക്ടര്‍ എല്‍.എസ്.ജി.ഡി. ആര്‍.ഷൈനി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *