പാലക്കുന്ന്: വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അമ്മയാകാന്‍ നടത്തിയ പ്രാര്‍ഥന ഫലിച്ചതില്‍ സന്തുഷ്ടരായ ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ ദമ്പതികള്‍ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഉരുള കിഴങ്ങും അരിയും പഴവും ചേര്‍ത്ത് തുലാഭാര സമര്‍പ്പണവും കുഞ്ഞിന്റെ ചോറൂണും നടത്തി. പള്ളിക്കര കോട്ടക്കുന്നില്‍ വാടക വീട്ടിലെ താമസക്കാരായ ഇവര്‍ ചില സുഹൃത്തുക്കളുടെ ഉപദേശ പ്രകാരം ഒരു വര്‍ഷം മുന്‍പ് ഒരു വിശേഷ നാളില്‍ വന്ന് തങ്ങള്‍ക്ക് ഒരു കുഞ്ഞിനെ വേണമെന്ന് പ്രാര്‍ഥിച്ചിരുന്നുവത്രെ. അത് ഒരു പെണ്‍ കുഞ്ഞായിരിക്കണമെന്നും രണ്ടുപേരും ആഗ്രഹിച്ചിരുന്നു വെന്നും പാര്‍ഥന ഫലിച്ചുവെന്ന വിശ്വാസത്തിലാണ് 9 മാസം പ്രായമായ മകള്‍ ആസ്മിയും അമ്മ സവിതയും ക്ഷേത്രത്തില്‍ തുലാഭാര സമര്‍പണവും ചെയ്യാന്‍ എത്തിയതെന്ന് അതിഥി തൊഴിലാളിയായ പെയിന്റര്‍ അര്‍ജുന്‍ പറഞ്ഞു. ക്ഷേത്ര ഭാരവാഹികള്‍ അതിനുള്ള സൗകര്യം ഒരുക്കി നല്‍കി.