അതിരപ്പിള്ളി: തൃശൂര്‍ അതിരപ്പിള്ളിയിലെ വാച്ചുമരം ഭാഗത്ത് ഇന്നലെ രാത്രിയില്‍ വന്‍ നാശനഷ്ടം വരുത്തി കാട്ടാനക്കൂട്ടം. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാര്‍ ആണ് കാട്ടാനക്കൂട്ടം ചേര്‍ന്ന് പൂര്‍ണ്ണമായും തകര്‍ത്തത്. വാഹനത്തില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഈ മേഖലയില്‍ കാട്ടാനകള്‍ നിര്‍ത്തിയിട്ട വാഹനം തകര്‍ക്കുന്നത്.
അങ്കമാലി സ്വദേശികളുടെ കാറാണ് അതിരപ്പള്ളി വാച്ചുമരത്ത് കാട്ടാനകളുടെ ആക്രമണത്തില്‍ നശിച്ചത്. ഇന്നലെ രാത്രിയില്‍ അതിരപ്പിള്ളിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് പോവുകയായിരുന്നു ഇവര്‍. യാത്രാമധ്യേ വാഹനത്തിന് എന്‍ജിന്‍ തകരാര്‍ സംഭവിക്കുകയും റോഡരികില്‍ നിര്‍ത്തിയിടുകയുമുണ്ടായി. ഈ സമയത്താണ് സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നതായി യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ യാത്രക്കാര്‍ അപകടം ഒഴിവാക്കാനായി മറ്റൊരു വാഹനത്തില്‍ കയറി അതിരപ്പിള്ളിയിലേക്ക് തിരികെ പോവുകയായിരുന്നു. തുടര്‍ന്ന് കാര്‍ നന്നാക്കുന്നതിനായി അതിരപ്പിള്ളിയില്‍ നിന്ന് മെക്കാനിക്കുമായി യാത്രക്കാര്‍ വാച്ചുമരത്ത് തിരിച്ചെത്തിയപ്പോഴാണ് കാര്‍ തകര്‍ന്ന നിലയില്‍ കാണുന്നത്.