പാലക്കുന്ന്: വാഹനം ഓടിക്കുന്നവരുടെ നേതൃത്വത്തില്‍ തന്നെ വാഹന പൂജ. പാലക്കുന്നിലെ മിനി ടെമ്പോ ഡ്രൈവര്‍ന്മാരുടെ കൂട്ടായ്മയാണ് പാലക്കുന്ന് ജംഗ്ഷനില്‍ സംസ്ഥാന പാതയോരത്ത് ക്ഷേത്ര ഗോപുരത്തിന് എതിര്‍ വശത്ത് മഹാനവമി നാളില്‍ വാഹനപൂജ നടത്തിയത്. ആംബുലന്‍സ്, സ്‌കൂള്‍ ബസ്സുകള്‍, ഇരുചക്ര, മുച്ചക്ര, നാലു ചക്ര വാഹനങ്ങള്‍ അടക്കം മിനി ടൂറിസ്റ്റ് ബസ്സുകളും പൂജയ്ക്കായി എത്തിയിരുന്നു. പത്ത് വര്‍ഷമായി ഇത് തുടരുകയാണ്. അംഗങ്ങളില്‍ നിന്ന് അന്ന് സ്വരൂപിച്ച പണത്തില്‍ നിന്നാണ് ഇന്നും ഇത് നടത്തി വരുന്നത്. മിനി ടെമ്പോ ഡ്രൈവര്‍ന്മാരോടൊപ്പം മറ്റു ഡ്രൈവര്‍ന്മാരും സ്ഥലത്തെ ചുമട്ടു തൊഴിലാളികളും ഈ കൂട്ടായ്മയുടെ ഭാഗമായി സഹായത്തിനെത്തി. വാഹന ഉടമകളില്‍ നിന്ന് ഫീസൊന്നും വാങ്ങാറില്ല. തച്ചങ്ങാട് ഉമേശ് അഗ്ഗിത്തായയും ചേതന്‍ അഗ്ഗിത്തായയും വാഹന പൂജയ്ക്ക് കാര്‍മികത്വം വഹിച്ചു.

പാലക്കുന്ന് ജംഗ്ഷനില്‍ മിനി ടെമ്പോ ഡ്രൈവര്‍മാരുടെ ഇരിപ്പിട മണ്ഡപത്തില്‍ രാവിലെ 7 മണിക്ക് പ്രാരംഭ പൂജാവിധികളോടെയായിരുന്നു തുടക്കം.
പൂജയ്‌ക്കെത്തിയവര്‍ക്കെല്ലാം പ്രസാദത്തിനൊപ്പം മധുരപലഹാരപ്പൊതിയും മധുര പാനീയവും വിതരണം ചെയ്തു.
പാലക്കുന്ന് ക്ഷേത്ര ഭരണി ഉത്സവ തിരക്കില്‍ ദാഹജലം കിട്ടാതെ ചിലര്‍ അവശരാകുന്നത് നേരില്‍ കണ്ട പാലക്കുന്നിലെ മിനി ബസ് ഡ്രൈവര്‍മാര്‍ 2002 മുതല്‍ ആയിരത്തിരി നാളില്‍ സന്ധ്യമുതല്‍ ഉത്സവം കൊടിയിറങ്ങും വരെ ദാഹജലം നല്‍കി വരുന്നത് ഈ കൂട്ടായ്മയാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് കുടിവെള്ളം തയ്യാറാക്കുക. 23 വര്‍ഷമായി അത് തുടരുന്നു. അതേ കൂട്ടായ്മ വാഹന പൂജയ്ക്ക് തുടക്കം കുറിച്ചതിന്റെ പത്താംവാര്‍ഷികം കൂടിയായിരുന്നു മഹാനവമി ദിവസത്തിലെ വാഹന പൂജ.