തൃശൂര്‍: വാടാനപ്പള്ളിയിലെ ക്ഷേത്രത്തില്‍ ദേവവിഗ്രഹങ്ങളില്‍ അണിയിച്ചിരുന്ന തിരുവാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ശാന്തിക്കാരന്‍ അറസ്റ്റില്‍. കുന്നത്തങ്ങാടി ചെങ്ങട്ടില്‍ വീട്ടില്‍ വിഷ്ണു (21) എന്നയാളെയാണ് തൃശൂര്‍ റൂറല്‍ പോലീസ് പിടികൂടിയത്.
വാടാനപ്പള്ളി തൃത്തല്ലൂര്‍ ശ്രീ കൊറ്റായി ചാളിപ്പാട്ട് അന്നപൂര്‍ണ്ണേശ്വരി തറവാട്ട് ക്ഷേത്രത്തിലെ രണ്ട് ശാന്തിക്കാരില്‍ ഒരാളാണ് വിഷ്ണു. കഴിഞ്ഞ വര്‍ഷം മേയ് 3-നും ജൂണ്‍ 26-നും ഇടയിലായിരുന്നു മോഷണം നടന്നത്. അന്നപൂര്‍ണ്ണേശ്വരി, ദുര്‍ഗാദേവി, ഭദ്രകാളി ദേവിമാരുടെ വിഗ്രഹങ്ങളിലെ താലിയോട് കൂടിയ സ്വര്‍ണ്ണമാലകളാണ് കവര്‍ന്നത്. ആകെ 21.72 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു.
ക്ഷേത്രത്തിലെ സെക്രട്ടറിയുടെ പരാതിയിലാണ് വാടാനപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ ഏങ്ങണ്ടിയൂരില്‍ നിന്ന് പിടികൂടിയത്. മോഷണം, മയക്കുമരുന്ന് കച്ചവടം അടക്കം ആറ് ക്രിമിനല്‍ കേസുകളില്‍ വിഷ്ണു പ്രതിയാണെന്ന് പോലീസ് അറിയിച്ചു.