ലക്‌നൗ: മുംബൈയില്‍ ലൈംഗികത്തൊഴിലാളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഓട്ടോ ഡ്രൈവര്‍ ചന്ദ്രപാല്‍ രാംഖിലാഡി (34) അറസ്റ്റിലായി. ഒളിവില്‍ പോയ പ്രതിയെ ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
സെപ്റ്റംബര്‍ 25-ന് മുംബൈയിലെ മലാഡ് പ്രദേശത്താണ് കൊലപാതകം നടന്നത്. സംഭവത്തിന് ശേഷം ചന്ദ്രപാല്‍ ഒളിവില്‍ പോവുകയായിരുന്നു. ചര്‍ച്ച് റോഡിലെ സാവന്ത് കോംപൗണ്ടില്‍ ഒരു സ്ത്രീ അബോധാവസ്ഥയില്‍ കിടക്കുന്നതായി പോലീസിന് ഫോണ്‍ കോള്‍ ലഭിച്ചു. ഉടന്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി സ്ത്രീയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് ഡോക്ടര്‍മാര്‍ അവര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മാല്‍വാനി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ഞെരിച്ചതാണ് മരണകാരണം എന്ന് സ്ഥിരീകരിച്ചതോടെയാണ് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന്, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതി ഓട്ടോ ഡ്രൈവറാണ് എന്നും കൊല്ലപ്പെട്ട സ്ത്രീ ലൈംഗികത്തൊഴിലാളിയാണ് എന്നും പോലീസ് തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പിടികൂടുകയായിരുന്നു.