കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ലോക. ചിത്രം 275 കോടി രൂപ ആഗോളതലത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്സിനേയും എമ്പുരാന്റെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ലോക ഈ നേട്ടം സ്വന്തം പേരിലാക്കിയത്. ഇപ്പോഴിതാ ചിത്രത്തെ തേടി മറ്റൊരു റെക്കോര്‍ഡ് എത്തുകയാണ്. കേരളത്തില്‍ മോഹന്‍ലാല്‍ ചിത്രമായ തുടരുമിനെ മറികടന്ന് ഒന്നാം സ്ഥാനം നേടാന്‍ ലോകയ്ക്ക് ഇനി വേണ്ടത് വെറും അഞ്ച് കോടി മാത്രമാണ്. നിലവില്‍ ലോക കേരളത്തില്‍ നിന്നും ഇതുവരെ നേടിയത് 114 കോടി രൂപയാണ്. തുടരുമാകട്ടെ 119 കോടി നേടിയാണ് കേരളക്കര വിട്ടത്.
കേരള മാര്‍ക്കറ്റില്‍ നിന്നും ഒരു മലയാളം സിനിമ നേടിയ ഏറ്റവും ഉയര്‍ന്ന കളക്ഷനും തുടരുമിന് സ്വന്തമായിരുന്നു. ഇപ്പോഴിതാ ഈ റെക്കോര്‍ഡാണ് ലോക തകര്‍ക്കാന്‍ ഒരുങ്ങുന്നത്. ഇപ്പോഴും മികച്ച കളക്ഷനുമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ലോക വരും ദിവസങ്ങളില്‍ ഈ മോഹന്‍ലാല്‍ സിനിമയെ മറികടക്കും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ലോക. രണ്ട് ലക്ഷത്തിലേറെ വോട്ടുകളാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് സിനിമയുടെ നിര്‍മാതാക്കള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗത്ത് ഇന്ത്യയില്‍ ആദ്യമായി ഒരു നായിക കേന്ദ്ര കഥാപാത്രമായി എത്തി 100 കോടി നേടി എന്ന നേട്ടവും കല്യാണി ലോകയിലൂടെ നേടിയിട്ടുണ്ട്. ബുക്ക് മൈ ഷോയില്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി 5 മില്യണ്‍ ടിക്കറ്റുകള്‍ വിറ്റ് പോയ ചിത്രമെന്ന റെക്കോര്‍ഡും ലോകയുടെ പേരിലൂണ്ട്. ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓള്‍ ടൈം റെക്കോര്‍ഡ് ആഗോള ഗ്രോസര്‍ ആയി മാറിയത്.
ചിത്രത്തില്‍ ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും എത്തിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ തോമസ്, സണ്ണി വെയ്ന്‍ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസര്‍ കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.