കട്ടപ്പനയില്‍ ഹോട്ടല്‍ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ 3 തൊഴിലാളികള്‍ മരിച്ചു

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ മാന്‍ഹോളില്‍ ഇറങ്ങിയവരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ മരിച്ചത് തമിഴ്നാട് സ്വദേശികളാണ്. കമ്പം സ്വദേശി ജയരാമന്‍, ഗൂഡല്ലൂര്‍ സ്വദേശികളായ സെല്‍വം എന്ന മൈക്കിള്‍, സുന്ദരപാണ്ഡ്യം എന്നിവരാണ് മരിച്ചത്. കട്ടപ്പന പാറക്കടവിലെ ഓറഞ്ച് ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ഓടയോട് ചേര്‍ന്ന മാലിന്യ കുഴിയിലെ മാന്‍ ഹോളിലേക്ക് ആദ്യം ഇറങ്ങിയ ഒരാള്‍ കുടുങ്ങി. തുടര്‍ന്ന് ഇയാളെ രക്ഷിക്കാന്‍ പിന്നാലെ ഇറങ്ങിയ രണ്ട് പേരും ടാങ്കില്‍ കുടുങ്ങുകയായിരുന്നു.

ടാങ്കിലെ ഓക്സിജന്റെ അഭാവമാണ് അപകടത്തിന് കാരണമായത്. അതേസമയം വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കട്ടപ്പന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്സ് ഒന്നര മണിക്കൂര്‍ സമയത്തെ രക്ഷാ പ്രവര്‍ത്തനത്തിനൊടുവില്‍ മൂന്ന് പേരെയും പുറത്തെടുത്തു. തുടര്‍ന്ന് ഒരാളെ കട്ടപ്പനയിലെ താലൂക്ക് ആശുപത്രിയിലും, മറ്റു രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ വെച്ചാണ് മൂന്ന് പേരുടെയും മരണം സ്ഥിരീകരിച്ചത്. മൂന്ന് പേരുടെയും മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *