വാഹന പൂജയ്ക്കും വിദ്യാരംഭത്തിനും ക്ഷേത്രങ്ങളൊരുങ്ങി ; ദുര്‍ഗാഷ്ടമി ഇന്ന്

പാലക്കുന്ന് : നവരാത്രി ഉത്സവത്തിന്റെ വിശേഷാല്‍ നാളുകളായ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അഷ്ടമിനാളില്‍ വൈകീട്ട് ചില ഇടങ്ങളില്‍ ദുര്‍ഗാഷ്ടമി പൂജവെയ്പ്പ് തിങ്കളാഴ്ച തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ചയും പുസ്തകങ്ങളും പഠനോപകരണങ്ങളും പൂജയ്ക്ക് വെക്കും. മഹാനവമി നാളായ ബുധനാഴ്ച രാവിലെ മുതല്‍ വാഹനപൂജ നടക്കും. നവരാത്രി ആഘോഷത്തിന്റെ അവസാന ദിവസമായ വിജയദശമി ദിവസം നൂറു കണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ക്ഷേത്രങ്ങളില്‍ എത്തും.

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടില്‍ 30ന് വൈകിട്ട് 4 ന് പാലക്കുന്ന് അംബിക കലാ കേന്ദ്രത്തിലെ വിദ്യാര്‍ഥികളുടെ ശാസ്ത്രീയ സംഗീത അരങ്ങേറ്റം നടക്കും. 7 മുതല്‍ പൂക്കുന്നത്ത് ഗുരുദേവാ ഭജന്‍സിന്റെ ഭജന. ഒന്നിന് രാവിലെ 7 മുതല്‍ വാഹന പൂജയും വൈകിട്ട് 7ന് പരപ്പ തളിയില്‍ ഭജനാമൃതം ഭജന സമിതി ഭജനയും ഉണ്ടാകും. 2 ന് രാവിലെ 6 മുതലാണ് വിദ്യാരംഭം. ഈ ക്ഷേത്രത്തില്‍ ആരാധിച്ചു വരുന്ന ഇളയ ഭഗവതി, സരസ്വതിദേവി സങ്കല്‍പ്പമാണെന്നതിനാല്‍ ആദ്യാക്ഷരം കുറിക്കാന്‍ ഇവിടെ വന്‍ തിരക്കനുഭവപ്പെടാറുണ്ട്. എഴുത്തിനിരുത്തലിന് ശേഷം അംബിക കലാ കേന്ദ്രം സംഗീത പഠനത്തിന് തുടക്കം കുറിക്കും. അംബിക കലാകേന്ദ്രത്തിലേക്കുള്ള പ്രവേശനം രാവിലെ 8 ന് തുടങ്ങും.

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ 30 ന് 7ന് കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഭജന സമിതിയും ഒന്നിന് അമരാവതി രക്തേശ്വരി വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭജന സമിതിയും ഭജനാലാപനം നടത്തും. ഒന്നിന് രാവിലെ 6 മുതല്‍ വാഹനപൂജ തുടങ്ങും. 2 ന് 8 മുതല്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും.

തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ദുര്‍ഗാഷ്ടമി നാളില്‍ ലളിതാ സഹസ്ര നാമ പാരായണത്തിന് ശേഷം വൈകിട്ട് ബാര മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്ര ഭജന സമിതിയുടെ ഭജനയും തുടര്‍ന്ന് ദുര്‍ഗാപൂജയും. ഒന്നിന് രാവിലെ 6 മുതല്‍ വാഹന പൂജ. ഉച്ചയ്ക്ക് മഹാപൂജ. 6.45 ന് വെടിത്തറക്കാല്‍ ത്രയംബകേശ്വര ഭജന സമിതിയുടെ ഭജന. തുടര്‍ന്ന് സരസ്വതി, ദുര്‍ഗാ പൂജകള്‍. 8.30ന് കുട്ടികളുടെ ക്ലാസിക്കല്‍ നൃത്ത പരിപാടി. വിദ്യാരംഭ ദിവസം രാവിലെ 8 ന് സരസ്വതി പൂജയ്ക്ക് ശേഷം കൈതപ്രം കൃഷ്ണന്‍ നമ്പൂതിരിയുടെ കര്‍മികത്വത്തില്‍ വിദ്യാരംഭത്തിന് തുടക്കം. തുടര്‍ന്ന് വിദ്യാ ഗോപാല മന്ത്രാര്‍ച്ചനയോടെ സമാപനം.

മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രത്തില്‍ 30ന് 9ന് ലളിതാ സഹസ്രനാമ പാരായണം. 6.10 ന് അണിഞ്ഞ മഹാവിഷ്ണു ക്ഷേത്ര ഭജന സമിതിയുടെ ഭജന. തുടര്‍ന്ന് എ. കെ. നാരായണന്‍ നമ്പൂതിരിയുടെ പ്രഭാഷണം. മഹാനവമി ദിവസം രാവിലെ 6 ന് വാഹന പൂജാരംഭം. 9 ന് ലളിതാ സഹസ്ര നാമ പാരായണം. 6ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന. തുടര്‍ന്ന് പ്രഭാഷണം.
വിജയദശമിനാളില്‍ 8.30 ന് വിദ്യാരംഭം. 9ന് ഡോ. ടി. കെ.ജയരാജ്, മുകേഷ് കളമ്പ്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സുദര്‍ശനം രണ്ടാം ഘട്ടം പരിശീലനം.

Leave a Reply

Your email address will not be published. Required fields are marked *