ശ്രീ സത്യസായി പ്രേമപ്രവാഹിനി രഥയാത്രയ്ക്ക് സ്വീകരണം നല്‍കി

കാഞ്ഞങ്ങാട്: ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മാനുഷിക മൂല്യങ്ങളുടെയും സാര്‍വ ലൗകിക പ്രേമത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് പുട്ടപര്‍ത്തിയില്‍ നിന്നും പുറപ്പെട്ട രഥ യാത്രയ്ക്ക് കാസര്‍ഗോഡ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ജില്ലയിലെ തൃക്കരിപ്പൂര്‍, ചീമേനി, കല്യോട്ട് എന്നീ സ്വീകരണ കേന്ദ്രങ്ങള്‍ക്ക് ശേഷം കാഞ്ഞങ്ങാട് സായി സമിതിയുടെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ്ഗ് മാന്തോപ്പ് മൈതാനിയില്‍ സ്വീകരണം ഒരുക്കി. കല്യോട്ടെ സ്വീകരണ കേന്ദ്രത്തില്‍ നിന്നും ദേശീയപാത വഴി ആലാമി പള്ളി സംസ്ഥാന പാതയിലെ ഹോസ്ദുര്‍ഗ്ഗ് രാജേശ്വരി മഠം കേന്ദ്രീകരിച്ച് പൂര്‍ണ്ണ കുംഭം, വേദഘോഷം, പഞ്ചവാദ്യം, താലപ്പൊലി മുത്തുക്കുട എന്നിവയുടെ അകമ്പടിയോടുകൂടി രഥത്തെ വരവേറ്റു. തുടര്‍ന്ന് ഹോസ്ദു ര്‍ഗ്ഗ് രാജേശ്വരിമഠം സര്‍വാധികാരി കുഞ്ഞിരാമന്‍, സത്യസായി സേവാസമിതി കാഞ്ഞങ്ങാട് കണ്‍വീനര്‍ അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്ന് മംഗളാരതി ചെയ്ത് തേങ്ങയുടച്ച് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് മാന്തോപ്പ് മൈതാനിയിലേക്ക് ആനയിച്ചു. സത്യ സായി സമിതി സേവാ പ്രവര്‍ത്തകരും, മറ്റ് ഭക്തജനങ്ങളും സത്യസായി പ്രേമവാഹിനി രഥ യാത്രയെ അനുഗമിച്ചു. തുടര്‍ന്ന് നടന്ന സ്വീകരണ പരിപാടിയില്‍ സത്യസായി സേവ സമിതി മുന്‍ സ്റ്റേറ്റ് കോഡിനേറ്റര്‍ കെ. പി.രാമചന്ദ്രന്‍, ഒ. എം.സാമുവല്‍ മാസ്റ്റര്‍ മാധവ വാര്യര്‍ എന്നിവര്‍ സംസാരിച്ചു. സത്യസായി സേവ സമിതി ജില്ലാ പ്രസിഡണ്ട് ഡോക്ടര്‍ ആര്‍. സതീഷ് കുമാര്‍, കണ്‍വീനര്‍ അരവിന്ദന്‍, കെ. പി. ശ്രീകാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *