പാലക്കുന്നില്‍ കുട്ടി
‘സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി, വിദ്യാരംഭം കരിഷ്യാമി, സിദ്ധിര്‍ ഭവതുമേസദാ..’
അജ്ഞതയുടെ ഇരുളറ്റിക്കൊണ്ട് അറിവിന്റെ പ്രകാശ ഗമനമാണ് നവരാത്രി സങ്കല്‍പ്പം നമുക്ക്. ജ്ഞാനത്തോളം നിറവും മണവും മധുരവും മറ്റൊന്നിനും ഇല്ലെന്ന തിരിച്ചറിവാണ് നവരാത്രി ആഘോഷങ്ങളുടെ പൊരുള്‍.
ആഘോഷങ്ങള്‍, ആചരണങ്ങള്‍ പലേടത്തും പലരീതിയിലാണെങ്കിലും രാജ്യത്ത് അങ്ങോളമിങ്ങോളം നവരാത്രി ആഘോഷത്തിന് സമാനതകള്‍ ഏറെയാണ്. ഭാരതീയ സംസ്‌കാരത്തിന്റെ സമഭാവനാ സങ്കല്പമാണത്. നവരാത്രി ഐതിഹ്യത്തിന്റെ കാതലായ പൊരുള്‍ എല്ലായിടങ്ങളിലും ഒന്നാണെങ്കിലും ആചരണ രീതിയില്‍ കാണുന്ന വ്യത്യസ്തമായ തദ്ദേശീയ പരിവേഷം പൊതുവായ ഒരു അന്തര്‍ധാരയുടെ കോര്‍ത്തിണക്കമാണ്. ദേശീയമായ ഐക്യത്തിന്റെ പ്രതീകം കൂടിയാണ് ഈ ഉത്സവം. ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് ബംഗാളില്‍ ദുര്‍ഗയെങ്കില്‍ ദക്ഷിണേന്ത്യയില്‍ സരസ്വതി സങ്കല്പത്തിനാണ് പ്രാധാന്യം. ദേവി ഉപാസനയാണ് നവരാത്രി ആഘോഷത്തിന്റെ കാതല്‍. ആദിപരാശക്തിയുടെ മൂന്നു സങ്കല്പങ്ങളായ ദുര്‍ഗ, ലക്ഷ്മി, സരസ്വതി ദേവതകളെ ഉപാസിക്കുന്നതാണത്. ഒന്‍പത് ദിവസം ദേവി ഉപാസനയും പിറ്റേന്ന് വിജയദശമിയുമാണ് പൊതുവായ ആഘോഷ രീതി. കേരളത്തില്‍ ആയുധ പൂജയ്ക്കും വിദ്യാരംഭത്തിനുമാണ് ഏറെ പ്രാധാന്യം. വിജയദശമി നാളില്‍ വിദ്യാരംഭത്തിന് തുടക്കമിടുന്നത് ശ്രേഷ്ഠമായി കരുതുന്നവരാണ് മലയാളികള്‍.
ഐതിഹ്യങ്ങളും രീതികളും
മൂന്ന് ലോകവും അടക്കിവാണ അസുര രാജാവായിരുന്ന മഹിഷാസുര നിഗ്രഹത്തിന്റെ വിജയ കഥയുമായി ബന്ധപ്പെട്ടതാണ് വിജയദശമി. അസുര നിഗ്രഹത്തിനായി ദേവിയുടെ അവതാരങ്ങളും അതിലൂടെ നേടിയ വിജയവുമാണ് നവരാത്രി ആഘോഷത്തിന് നിമിത്തമാകുന്നത്. ധര്‍മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. സര്‍വ്വരും ദേവിക്ക് മുന്നില്‍ നമിച്ച വിജയ മുഹൂര്‍ത്തത്തിന്റെ സ്മരണയാണത്.
അജ്ഞതയില്‍ നിന്ന് അറിവിലേക്കുള്ള ശുഭമുഹൂര്‍ത്ത ദിനം.അന്നാണ് വിദ്യാരംഭം കുറിക്കുന്നത്. ദുര്‍ഗാഷ്ടമി നാളിലെ സന്ധ്യാ വേളയില്‍ ആയുധങ്ങള്‍ പണിയായുധങ്ങള്‍ എന്നിവ അതുമായി ബന്ധപ്പെട്ടവരും സാഹിത്യകാരന്‍ തന്റെ ഗ്രന്ഥങ്ങളെയും തൂലികയെയും വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങളെയും സംഗീതജ്ഞര്‍ സംഗീതോപകരണങ്ങളെയും ദേവിയുടെ പാദത്തില്‍ പൂജവയ്പ്പിനായി സമര്‍പ്പിക്കുന്നത് അനുഷ്ഠാനമാണ്.
നവരാത്രി സങ്കല്‍പ്പത്തില്‍ അവസാനത്തെ മൂന്ന് ദിവസങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. അഷ്ടമി ദിവസം ദുര്‍ഗയേയും നവമി ദിവസം ലക്ഷ്മിയെയും ദശമി ദിവസം സരസ്വതിയെയും പൂജിക്കുന്നതാണ് രീതി. ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകള്‍ വിജയദശമി നാളില്‍ ക്ഷേത്രസന്നിധിയില്‍ എത്തും. ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണത്. മഹാനവമി ദിവസമായ ഒക്ടോബര്‍ ഒന്നിനാണ് വാഹന പൂജ. ജില്ലയില്‍ മിക്ക ക്ഷേത്രങ്ങളിലും വാഹന പൂജയ്ക്കും വിദ്യാരംഭത്തിനും സൗകര്യങ്ങള്‍ ഒരുക്കും.
പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ത്തില്‍ അനുഷ്ഠിച്ചുവരുന്ന ഇളയ ഭഗവതി സരസ്വതിദേവിയുടെ പ്രതിരൂപ സങ്കല്പം കൂടിയാണ്. അതുകൊണ്ട് തന്നെ ഇവിടെനിന്ന് വിദ്യാരംഭം കുറിക്കുന്നതിന് പ്രസക്തിയേറെയുണ്ട്. കൂടുതല്‍ കുരുന്നുകള്‍ ആ ദിവസം അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ഇവിടെ എത്തും. ഹൈന്ദവര്‍ക്ക് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഒരു ഉത്സവം കൂടിയാണിത്. ക്ഷേത്രങ്ങളില്‍ അതിനുള്ള തുടക്കം കുറിക്കാന്‍ അവസരമൊരുക്കി കൊടുക്കും. ദക്ഷിണേന്ത്യയില്‍ നവരാത്രി ഉത്സവത്തിന് പ്രാമുഖ്യം കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തിനാണ്. മലയാളികള്‍ കൂട്ടത്തോടെ എത്തുന്ന ക്ഷേത്രമാണിത്. അവിടെത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം കൂടിയാണിത്.
നവരാത്രി വ്രതം
ഹൈന്ദവ വിശ്വാസ രീതിയില്‍ വ്രതാനുഷ്ഠാനങ്ങള്‍ ഒട്ടേറെയുണ്ട്. അവയില്‍ ഏറെ പ്രാധാന്യം നവരാത്രി വ്രതത്തിനാണ്. ശരത് കാലത്തിലെ ഈ 9 ദിവസങ്ങളിലും ഹൈന്ദവര്‍ വ്രതാനുഷ്ഠാനങ്ങളിലൂടെ ശാരീരികവും മാനസികവുമായ പവിത്രത കൈവരിച്ച് സൃഷ്ടിയുടെ ആദിശക്തിയായ പരാശക്തിയെ ആരാധിക്കുന്നു. സര്‍വ്വ വിഘ്നങ്ങളും മാറി ഐശ്വര്യം വരുമെന്നാണ് നവരാത്രി വ്രതത്തിന്റെ സങ്കല്പം.
മത്സ്യ മാംസാദികള്‍ ഉപേക്ഷിച്ച് ഈ നാളുകളില്‍ ഉപവാസമനുഷ്ഠിക്കണമെന്നാണ് വിധി. പരിപൂര്‍ണ്ണ വ്രതാനുഷ്ഠാനമായോ രാത്രി ഒരിക്കലായോ ഉപവസിക്കാം. ഈ ദിവസങ്ങളില്‍ ദേവി മഹാത്മ്യം വായിക്കുന്നതും സഹസ്രനാമ പാരായണവും ദേവീ മന്ത്രങ്ങള്‍ ജപിക്കുന്നതും ഉചിതമാണ് എന്നാണ് വെപ്പ്.